
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധന വിവാദത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ നിലപാടില്‍ ഉറച്ച് കുടുംബം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ മരുതുംകുഴിയിലെ വസതിയില്‍ നടത്തിയ റെയ്ഡിനിടെ ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തതിനെ കുറിച്ച് അറിയില്ലെന്നാണ് കുടുംബത്തിന്റെ വാദം. പരിശോധനയ്ക്ക് പിന്നാലെ ബിനീഷിന്റെ ഭാര്യ റെനീറ്റ ഉള്‍പ്പെടെ ഉന്നയിച്ച ആക്ഷേപങ്ങള്‍ വൈകൂന്നേരം ചാനല്‍ ചര്‍ച്ചകളിലും കുടുംബം ആവര്‍ത്തിച്ചു.
ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തത് കണ്ടിട്ടില്ലെന്ന വാദമായിരുന്നു ബിനീഷ് കോടിയേരിയുടെ ഭാര്യാമാതാവ് മിനി ഉയര്‍ത്തിയത്. റെയ്ഡ് ഉണ്ടാകുമെന്ന് മുന്‍പ് തന്നെ അവര്‍ അറിയിച്ചിരുന്നതാണ്. ഈ സാഹചര്യം നിലനില്‍ക്കെ എന്തെങ്കിലും മറയ്ക്കാനുണ്ടായിരുന്നെങ്കില്‍ നേരത്തെ ആവാമായിരുന്നു എന്നും മിനി വ്യക്തമാക്കുന്നു. ബിനീഷിന് ബിസിനസ് ചെയ്യാന്‍ സഹായിച്ചത് താനാണ്. ഇതിനായി വസ്തു പണയപ്പെടുത്തി 50 ലക്ഷം രൂപ നല്‍കിയിരുന്നു കഞ്ചാവ് ബിസിനസ് ചെയ്യാന്‍ ഏതെങ്കിലും ഒരു മരുമകന് അമ്മായിയമ്മ പണം നല്‍കുമോ എന്നും മിനി വിശദീകരിക്കുന്നു.
ബുധനാഴ്ച രാവിലെ 9നു തുടങ്ങിയ പരിശോധന ഇന്നലെ പകല്‍ 11.30 നാണ് അവസാനിപ്പിച്ചത്. എന്നാല്‍ ബുധനാഴ്ച രാത്രി മുതല്‍ ഉദ്യോഗസ്ഥര്‍ വീട്ടില്‍ തങ്ങുക മാത്രമാണ് ചെയ്തത് എന്നും രേഖകളില്‍ ഒപ്പിടാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും മിനി നേരത്തെ തന്നെ ആരോപിച്ചിരുന്നു.
അതേസമയം, എല്ലാവരുംകൂടി ശ്രമിക്കുന്നത് തങ്ങളുടെ കുടുംബം തകര്‍ക്കാനാണെന്ന് ബിനീഷിന്റെ അമ്മയും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുമായ വിനോദിനി ബാലകൃഷ്ണന്‍ പ്രതികരിച്ചു. മരിച്ചുകിട്ടിയാല്‍ മതിയെന്ന അവസ്ഥയിലായി. എല്ലാവരും കൂടി ഒരു മനുഷ്യനെയിട്ടു കൊല്ലുകയാണ്. എന്താണ് അയാള്‍ ചെയ്ത തെറ്റ് ? ഞാനായതുകൊണ്ടാണു പിടിച്ചു നില്‍ക്കുന്നത്. മരുമകള്‍ 24 മണിക്കൂര്‍ അനുഭവിച്ച യാതന വിവരിക്കാനാകില്ല. ഭര്‍ത്താവിന്റെ അസുഖം മാറി വന്നപ്പോഴാണ് ഈ പ്രശ്‌നങ്ങളെന്നും വിനോദിനി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ അമ്മയുടെ ഐ ഫോണ്‍ മാത്രമാണ് നീണ്ട 27 മണിക്കൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിന് ശേഷം വീട്ടില്‍ നിന്ന് കൊണ്ടു പോയതെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ നടത്തിയ പ്രതികരണം. അമ്മയുടെ ഐഫോണ്‍ എടുത്ത സ്റ്റേറ്റ്‌മെന്റില്‍ മാത്രമാണ് ഒപ്പിട്ടത്. ക്രെഡിറ്റ് കാര്‍ഡ് ഇവിടെ ഇഡി കൊണ്ടുവന്നിട്ടതാണെന്നുള്ള വാദവം റെനീറ്റ ആവര്‍ത്തിച്ചു. വീടിനകത്ത് ഒരു മുറിയില്‍ മാത്രമായിരുന്നു പരിശോധന നടന്നത്. ബിനീഷ് മടങ്ങിവരണം എന്നുണ്ടെങ്കില്‍ സ്റ്റേറ്റ്‌മെന്റില്‍ ഒപ്പിടണമെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നും റെനീറ്റ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബിനീഷിന്റെ കുടുംബം അന്വേഷണത്തോടു സഹകരിച്ചില്ലെന്നും അക്കാര്യം കോടതിയെ അറിയിക്കുമെന്നുമായിരുന്നു ഇഡി ഉദ്യോഗസ്ഥരുടെ പ്രതികരണം. ബിനീഷിന്റെ ഭാര്യയും മാതാവും മകളും നിയമവിരുദ്ധ തടങ്കലിലാണെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അറിയിച്ച് കന്റോണ്‍മെന്റ് അസി.കമ്മിഷണര്‍ ബി.എസ്.സുനീഷ് ബാബുവും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാറും അംഗങ്ങളും എത്തിയയതും ഇഡി നടപടിയുടെ നാടകീയത വര്‍ദ്ധിപ്പിച്ചു.
റെനീറ്റയെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും മിനിയെയും നിയമവിരുദ്ധമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് റെനീറ്റയുടെ പിതാവ് എസ്.ആര്‍. പ്രദീപ് ആദ്യം പോലീസിലും പിന്നീട് മജിസ്‌ട്രേട്ട് കോടതിയിലും ബാലാവകാശ കമ്മിഷനിലും പരാതി നല്‍കുകയും ഇഡി ഡയറക്ടര്‍ക്ക് ഇ മെയിലില്‍ പരാതി അയക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇഡി പരിശോധനയ്‌ക്കെതിരെ ആക്ഷേപം വ്യാപകമാകുമ്പോള്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ഇഡിയുടെ കയ്യില്‍ എന്തുണ്ടെന്ന് അറിയാതെ അഭിപ്രായം പറയാനും പ്രവചിക്കാനുമാവില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കുടുംബത്തിനു യോജിക്കാത്ത ചില കാര്യങ്ങളുണ്ടായിട്ടുണ്ട്. നിയമവിരുദ്ധമായതു നടന്നെങ്കില്‍ നിയമപരമായി നേരിടാനുള്ള സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

