ആലപ്പുഴ: ആദ്യമായാണ് ഓണം ബമ്പര്‍ എടുത്തതെന്നും വളരെയേറെ സന്തോഷമുണ്ടെന്നും ലോട്ടറിയടിച്ച ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത്ത് എസ് നായര്‍ റിപ്പോര്‍ട്ടറിനോട്. ആലോചിച്ച് ഉറപ്പുവരുത്തിയ ശേഷം പറയാമെന്ന് കരുതി. കുടുംബം വളരെ സന്തോഷത്തിലാണ്. 12 വര്‍ഷമായി നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്സിലെ ജീവനക്കാരനാണ്.
അപ്രതീക്ഷിത ഭാഗ്യമാണ് വന്നത്. വീട്ടില്‍ അച്ഛനും അമ്മയും ഭാര്യയും കുഞ്ഞും അനുജനുമാണുള്ളത്. ആരോടും പറഞ്ഞിരുന്നില്ല. ലോട്ടറി എടുത്തകാര്യം പോലും അനുജനോടാണ് മാത്രമാണ് പറഞ്ഞതെന്നും ശരത്ത് പറഞ്ഞു. ലോട്ടറിത്തുക കൊണ്ട് എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നത് തീരുമാനിച്ചിട്ടില്ലെന്നും ശരത്ത് പറഞ്ഞു.
അൽപം മുമ്പാണ് ശരത്ത് ബാങ്കിലെത്തിയത്. തിരുവോണം ബമ്പർ ഫലം പ്രഖ്യാപിച്ചതുമുതൽ ആരാണാ ഭാഗ്യശാലിയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരളം. വൈറ്റില നെട്ടൂരിലെ ഐഎൻടിയുസി ജങ്ഷനിലുള്ള ലതീഷ് എന്ന ഏജന്റെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്. ലതീഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ലോട്ടറി അടിച്ചത് ഒരു സ്ത്രീയ്ക്കാണ് എന്നതടക്കമുള്ള ഊഹാപോഹങ്ങൾ വന്നിരുന്നു.
ഉച്ചയോടെയാണ് ഇക്കാര്യത്തിലൊരു വ്യക്തത വന്നത്. ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പർ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷൻ ഇനത്തിൽ രണ്ടരക്കോടി ലഭിക്കും. ലോട്ടറി വാങ്ങുന്നവരിൽ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂർ വിട്ട് പോകാൻ സാധ്യത ഇല്ലെന്നമായിരുന്നു ലതീഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. മൂന്ന് മാസം മുൻപാണ് ലതീഷിന്റെ കടയിൽ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

