വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകും. അപകടത്തിൽ അതീവ ദുഖം രേഖപ്പെടുത്തുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും.
രാഷ്ട്രപതി ദ്രൗപദി മുർമുവും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ‘‘സ്കൂൾ കുട്ടികളുടെയും മറ്റും വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടമായിരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവർ അതിവേഗം സുഖംപ്രാപിക്കട്ടെ’’ – രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
ഒമ്പത് പേരുടെ ജീവനെടുത്ത വടക്കഞ്ചേരി വാഹനാപകടം നടന്നത് രാത്രി 11.45ന്. പാലക്കാട് -തൃശൂർ ദേശീയ പാതയിൽ അഞ്ചുമൂർത്തിമംഗലത്താണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി മാർ ബസേലിയോസ് വിദ്യാനികേതനിൽ നിന്ന് ഊട്ടിയിലേക്ക് വിനോദ യാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ്സ് കൊട്ടരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന KSRTC ബസ്സിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം തൊട്ടടുത്തുള്ള ചതുപ്പിലേക്ക് ടൂറിസ്റ്റ് ബസ്സ് മറിഞ്ഞു.
വേളാങ്കണ്ണി യാത്ര കഴിഞ്ഞെത്തിയ ഉടൻ തന്നെയാണ് ടൂറിസ്റ്റ് ബസ് വിദ്യാർഥികളുമായി വിനോദയാത്ര പുറപ്പെട്ടതെന്ന് രക്ഷിതാക്കൾ പറയുന്നു. വേളാങ്കണ്ണി യാത്രയിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോൻ തന്നെയാണ് സ്കൂൾ വിദ്യാർഥികളുമായുള്ള ബസും ഓടിച്ചിരുന്നത്. ഇയാൾ ക്ഷീണിതനായിരുന്നെന്ന് രക്ഷിതാക്കൾ പറയുന്നു. ബസിന്റെ രണ്ടാം ഡ്രൈവർ എൽദോയ്ക്ക് സാരമായ പരുക്കേറ്റു.