Kerala kerala

ഡോ ഹുസൈന്‍ മടവൂര്‍ ഖത്വീബ് സ്ഥാനത്തെത്തിയിട്ട്ഇന്നേക്ക് നാല്‍പതു വര്‍ഷം

കോഴിക്കോട് : ഡോ ഹുസൈന്‍ മടവൂര്‍ ഖത്വീബ് സ്ഥാനത്തെത്തിയിട്ട്
ഇന്നേക്ക് നാല്‍പതു വര്‍ഷം പൂര്‍ത്തിയായി. ഒരേ പള്ളിയില്‍ ഒരേ പ്രസംഗ പീഠത്തില്‍ നാല്‍പത് വര്‍ഷക്കാലം വെള്ളിയാഴ്ച ഖുതുബ പ്രഭാഷണം നടത്തിയാണ് ഡോ. ഹുസൈന്‍ മടവൂര്‍ ഇങ്ങനെ വേറിട്ട വ്യക്തിത്വമാകുന്നത്. മലബാറില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ നമസ്‌കാരത്തിനെത്തുന്ന കോഴിക്കോട്ടെ പാളയം ജുമാമസ്ജിദില്‍ (മുഹ് യിദ്ദീന്‍ പള്ളിയില്‍ ) ഹുസൈന്‍ മടവൂര്‍ ഖുതുബ നടത്താന്‍ ആരംഭിച്ചത് 1984 സപ്തംബറിലെ ഒന്നാമത്തെ വെള്ളിയാഴ്ചയിലാണ്. അന്ന് അദ്ദേഹത്തിന് പ്രായം ഇരുപത്തിയെട്ട് വയസ്സ് മാത്രമായിരുന്നു.
നാല് നിലകളിലായി നഗരമദ്ധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പാളയം പള്ളി ഇസ്ലാമിക സംസ്‌കാരത്തിന്റെ സിരാ കേന്ദ്രം കൂടിയാണ്. വാര്‍ത്താമാധ്യമങ്ങള്‍ അഭിപ്രായങ്ങള്‍ അറിയാനും പൊതുജനങ്ങള്‍ മതവിധികളറിയാനും കൂടുതല്‍ അവലംബിക്കുന്നതും ഈ പള്ളിയെയാണ്. ഖുതുബയുടെ നിര്‍ബന്ധ കാര്യങ്ങളും ഖുര്‍ആന്‍ വചനങ്ങളും അറബി ഭാഷയില്‍ പാരായണം ചെയ്യുകയും ഉപദേശങ്ങള്‍ മലയാളത്തില്‍ നല്‍കുകയും ചെയ്യുന്നതിനാല്‍ എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകളും സംഘടനാ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ ഇവിടെ ജുമുഅയില്‍ പങ്കെക്കുന്നുണ്ട്. സ്ത്രീകള്‍ക്കും ആരാധനാ സൗകര്യമുള്ള പള്ളിയാണിത്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടുള്ള നിരവധി പരിഷ്‌കരണങ്ങള്‍ അദ്ദേഹം മുഖേന പള്ളിയില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഭിന്ന ശേഷിക്കാര്‍ക്ക് വീല്‍ ചെയറില്‍ തന്നെ പള്ളിയുടെ അകത്തേക്ക് പ്രവേശിക്കാനും ആരാധനകള്‍ നിര്‍വ്വഹിക്കാനുമിവിടെ സൗകര്യപ്പെടുത്തിയിട്ടുണ്ട്.

കേള്‍വിപരിമിതിയുള്ളവര്‍ക്ക് വേണ്ടി ജുമുഅ പ്രഭാഷണങ്ങള്‍ തത്സമയം വിദഗ്ദ്ധ്യാപകര്‍ ആംഗ്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നുമുണ്ട്. ഇടക്കിടെ ഭിന്നശേഷിക്കാര്‍ക്കായി പഠന ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. കൗമാരക്കാര്‍ക്കായി വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് കോഴ്‌സുകള്‍ വരെ ഇവിടെ നടത്തിയിരുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് ദേശീയ പതാകയുയര്‍ത്തല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ വര്‍ഷങ്ങളായി നടത്തിവരുന്നു. മതസൗഹാര്‍ദ്ദവും മാനവികതയും ലോക സമാധാനവും സ്ത്രീ ശാക്തീകരണവുമെല്ലാം ആദ്ധ്യാത്മിക വിഷയങ്ങളോടൊപ്പം മടവൂരിന്റെ ഖുതുബാ വിഷയങ്ങളാണ്. കുറഞ്ഞ സമയം കൊണ്ട് ആകര്‍ഷകമായ ശൈലിയില്‍ കാര്യമാത്ര പ്രസക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ഇദ്ദേഹത്തിന്റെ ശൈലി.
ബാബരി മസ്ജിദ് വിഷയത്തില്‍ മുസ്ലിം സമുദായം വൈകാരികമായി പ്രതികരിക്കരുതെന്നും നിയമപരമായും പക്വവുമായിരിക്കണം സമുദായത്തിന്റെ സമീപനമെന്നും അദ്ദേഹം 1992-ല്‍ പലതവണ പള്ളി മിമ്പറില്‍ വെച്ച് ആഹ്വാനം ചെയ്തിട്ടുണ്ടായിരുന്നു.സ്വാമി ആചാര്യശ്രീ സച്ചിദാനന്ദ ഭാരതിയുടെ നേതൃത്വത്തില്‍ നടന്ന കേരള ശാന്തി യാത്രക്ക് പള്ളിയില്‍ സ്വീകരണം നല്‍കിയിരുന്നു. കോഴിക്കോട്ടെ പ്രമുഖ ഹിന്ദു, ക്രൈസ്തവ പണ്ഡിതന്മാരെയും മത നേതാക്കളയും പള്ളിയില്‍ ക്ഷണിച്ച് വരുത്തുകയും അവരുടെ ആരാധനാലങ്ങള്‍ സന്ദര്‍ശിച്ച് സൗഹാര്‍ദ്ദ വേളകള്‍ ധന്യമാക്കുകയും ചെയ്തു.
എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.
പള്ളിയുടെ എല്ലാ നിലകളിലും ഖുതുബ ശ്രവിക്കാന്‍ പ്രത്യേക ടെലിവിഷന്‍ സംവിധാനമുണ്ട്. ഖുതുബ പ്രഭാഷണം ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് തല്‍സമയം കാണാനും കേള്‍ക്കാനും സാധിക്കും. ഈ പള്ളിയിലെ ഖുതുബാ പ്രഭാഷണങ്ങള്‍ ഫേസ്ബുക്ക് , യൂട്യൂബ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് പുരോഗനമായി മുന്നോട്ട് പോകുന്നതില്‍ ഖത്വീബും ചീഫ് ഇമാമുമായ ഹുസൈന്‍ മടവൂരിന്റെ നേതൃത്വം വലിയ പങ്ക് വഹിക്കുന്നു. കൊറോണക്കാലത്ത് ആരാധനാലയങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നപ്പോള്‍ ആദ്യമായി അടച്ചത് കോഴിക്കോട് പാളയം പള്ളിയായിരുന്നു. അതിന്നായി മക്കയിലെ ഗ്രാന്റ് മോസ്‌കിലെയും സൗദിയിലെ ഉന്നത പണ്ഡിത സഭയുടെയും ഫത് വകള്‍ അദ്ദേഹം വരുത്തി മറ്റു പള്ളി ഭാരവാഹികളെയും അറിയിക്കുകയും അവരെയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് പ്രതിരോധന പ്രവര്‍ത്തങ്ങളോട് സഹകരിക്കാന്‍ സജ്ജമാക്കുകയും ചെയ്തു. അക്കാലത്ത് പള്ളി അടഞ്ഞ് കിടന്ന ഇരുപത്തിയഞ്ച് വെള്ളിയാഴ്ചകളില്‍ ഓണ്‍ലൈന്‍ ആയി ഹുസൈന്‍ മടവൂര്‍ നടത്തിയ സാരോപദേശങ്ങള്‍ പിന്നീട് വെള്ളിവെളിച്ചം എന്ന പേരില്‍ ഷാര്‍ജാ ബുക്ക് ഫെയറില്‍ പുസ്തമായി പ്രസിദ്ധീകരിക്കുകയുണ്ടായി. കോഴിക്കോട് ജില്ലയില്‍ മടവൂരില്‍ ജനിച്ച അദ്ദേഹം സ്‌കൂള്‍ പഠനത്തിന് ശേഷം ഫാറൂഖ് റൗസത്തുല്‍ ഉലൂം അറബിക്കോളെജ്, അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി, സൗദിയിലെ മക്കാ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ അറബി ഭാഷയിലും ഇസ്ലാമികവിഷയങ്ങളിലും ബിരുദവും ബിരുദാനന്തര ബിരുദ പഠനങ്ങള്‍ പൂര്‍ത്തിയാക്കി. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. ഫാറൂഖ് അറബിക്കോളെജ് പ്രിന്‍സില്‍പ്പാള്‍ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ഇപ്പോള്‍ അദ്ദേഹം കൊല്ലം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ അറബിക് പി.ജി വിഭാഗം അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നു. നേരത്തെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സംസ്ഥാന തല കോ ഓര്‍ഡിനേറ്റും സംസ്ഥാന വഖഫ് ബോര്‍ഡിലും സംസ്ഥാന സാക്ഷരതാ സമിതിയിലും സര്‍ക്കാര്‍ നോമിനേറ്റഡ് അംഗവുമായിരുന്നു. കേന്ദ്ര സര്‍വ്വകാലാശാലകളില്‍ യു.ജി.സി റിസോഴ് പേഴ്‌സനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോട്ടയം മഹാഗാന്ധി സര്‍വ്വകലാശാലയില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും കോഴിക്കോട് സര്‍വകലാശാലയില്‍ ഇസ്ലാമിക് ചെയര്‍ ഗവേര്‍ണിംഗ് ബോഡി അംഗമായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഡല്‍ഹിയിലെ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (എഛ് ആര്‍ ഡി എഫ് ) ചെയര്‍മാനും ഇന്തോ അറബ് ലീഗിന്റെ സെക്രട്ടരി ജനറലുമാണ്. നിരവധി ദേശീയ അന്തര്‍ ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യ, ഫലസ്തീന്‍, അമേരിക്ക, ബ്രിട്ടണ്‍ , മലേഷ്യ, ഇന്തോനേഷ്യ ഉള്‍പ്പെടെ ഇരുപത് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗമായ ഹുസൈന്‍ മടവൂര്‍ കേരള നദ് വത്തുല്‍ മുജാഹിദില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. ആകാശവാണിയുടെ വചനാമൃതം പരിപാടിയിലൂടെ ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ ഇടം നേടുകയുണ്ടായി.
മോങ്ങം വനിതാ കോളെജ് അദ്ധ്യാപികയായിരുന്ന സല്‍മയാണ് ഭാര്യ. ജിഹാദ്, ജലാല്‍, മുഹമ്മദ്, അബ്ദുല്ല, അബൂബക്കര്‍ മക്കളാണ്. എസ് മുഹമ്മദ് യൂനുസ് പ്രസിഡന്റും മുഹമ്മദ് ആരിഫ് സെക്രട്ടരിയുമായ കമ്മിറ്റിയാണ് പാളയം പള്ളി പരിപാലനം നടത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!