വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങാനുള്ള കരാർ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. കരാർ 3270 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് കെഎസ്ഇബി പറയുന്നത്. ഇത് മറികടക്കണമെങ്കിൽ യൂണിറ്റിന് 22 പൈസ തോതിൽ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നും കെഎസ്ഇബി പറയുന്നു.
കാലവർഷം ദുർബലമായതും ദീർഘകാല കരാർ റദ്ദാക്കിയതും കാരണം കേരളത്തിലുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ കരാറിന് ടെണ്ടർ ക്ഷണിച്ചത്. അഞ്ചു വർഷത്തേക്കായിരിക്കും കരാർ. ഈ കരാറിൽ യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നൽകാമെന്നാണ് കമ്പനികൾ അറിയിച്ചത്. ഈ കരാർ 3270 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് വൈദ്യുതി ബോർഡിന്റെ മുന്നറിയിപ്പ്. 5 വർഷത്തേക്ക് 403 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് കരാർ. പഴയ കരാർ പുന:സ്ഥാപിക്കുന്ന കാര്യം നാളത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്യും.