പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരിൽ അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്‌ത ബസിനെ യുവതി തടഞ്ഞിട്ടു. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന രാജപ്രഭ ബസാണ് യുവതി തടഞ്ഞത്. ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര എന്ന യുവതി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോൾ പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടിൽ കടന്നു പോകുകയായിരുന്നു.ബസ് മറ്റൊരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോളാണ് യുവതി സ്‌കൂട്ടര്‍ മുന്നില്‍നിര്‍ത്തി ബസ് തടഞ്ഞത്. തുടര്‍ന്ന് ജീവനക്കാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. അപകടത്തില്‍നിന്ന് തലനാരിഴയ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്നാണ് സാന്ദ്ര പറയുന്നത്. ബസ് തടഞ്ഞ് സംസാരിക്കുന്നതിനിടെയും ബസ് ഡ്രൈവറുടെ ചെവിയില്‍ ഇയര്‍ഫോണ്‍ ഉണ്ടായിരുന്നതായും യുവതി പറഞ്ഞു.ഇതേ ബസിൽ നിന്ന് ഇതിന് മുമ്പും മോശം അനുഭവം ഉണ്ടായിരുന്നതായി സാന്ദ്ര പറഞ്ഞു. സംഭവത്തിൽ നിയമപരമായി നീങ്ങാനാണ് സാന്ദ്രയുടെ തീരുമാനം. സംഭവത്തില്‍ ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.