ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. പറവൂര്‍ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ടെല്‍ക്ക് കവലയിലെ ‘ഹോട്ടല്‍ ബദ്രിയ്യ’യുടെ ഉടമയാണ് ഇദ്ദേഹം. വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം.
നെടുമ്പാശ്ശേരി എം എ എച്ച് എസ് സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. റോഡിലെ കുഴിയില്‍ വീണ ഹാഷിം സമീപത്തേക്ക് തെറിച്ച വീഴുകയും ഈ സമയം പിന്നില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു.
കുഴിയില്‍ വെളളം കെട്ടി കിടന്നതിനാല്‍ കുഴി കാണാനാകാത്ത സ്ഥിതിയിലായിരുന്നു. ഹാഷിമിന്റെ ദേഹത്ത് കയറിയിറങ്ങിയ വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കേസെടുത്ത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
കനത്ത മഴയില്‍ വെള്ളം കെട്ടികിടന്നതിനാല്‍ കുഴി കാണാനാകാത്ത അവസ്ഥയിലായിരുന്നു. ഹാഷിം സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഈ പ്രദേശത്ത് അപകടങ്ങള്‍ പതിവാണ്. നിരവധി യാത്രക്കാര്‍ക്ക് ഇവിടുത്തെ കുഴികളില്‍ വീണ് പരിക്കേറ്റിട്ടുണ്ട്.