കൊടുവള്ളി: നിരീക്ഷണത്തില്‍ കഴിഞ്ഞ 15 പേരടക്കം കൊടുവള്ളി നഗരസഭയില്‍ 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെല്ലാങ്കണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍ ക്വാറന്റെയിനില്‍ കഴിഞ്ഞിരുന്ന കന്യാകുമാരി സ്വദേശികളായ 15 മത്സ്യ തൊഴിലാളികള്‍, ആഗസ്റ്റ് 1ന് നടന്ന പരിശോധനയില്‍ സ്രവ പരിശോധന നടത്തിയ ആറ് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ ബേപ്പൂര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നവരാണ്. കടലില്‍ പോവുന്നതിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 19 അംഗ സംഘത്തിലെ 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.
ചുണ്ടപ്പുറം 15 ഡിവിഷനില്‍ മൂന്നുപേര്‍ക്കും നരൂക്ക്, പറമ്പത്ത്കാവ്, എരഞ്ഞോണ ഡിവിഷനുകളില്‍ ഓരോ ആള്‍ക്കും വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത് . കഴിഞ്ഞ ആഴ്ച കോവിഡ് 19 ആയ കൊടുവള്ളിയിലെ ജ്വല്ലറി ജീവനക്കാരന്റെ മകള്‍, ഈ ജ്വല്ലറിയിലെ മറ്റൊരു ജീവനക്കാരന്‍, നേരത്തെ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫാര്‍മസിസ്റ്റിന്റെ ഭര്‍ത്താവായ ചുണ്ടപ്പുറം സ്വദേശി, ചുണ്ടപ്പുറം സ്വദേശിയായ പൊതു പ്രവര്‍ത്തകന്‍ എന്നിവരടക്കമുള്ള ആറ് പേരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നത്.
രോഗം സ്ഥിരീകരിച്ച ചുണ്ടപ്പുറം സ്വദേശി എത്തിയ കൊടുവള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ അടപ്പിച്ചു. കൊവിഡ് വ്യാപനം തടയാന്‍ രോഗം സ്ഥിരീകരിച്ച ഡിവിഷനുകളില്‍ പൊലിസിന്റെ നേതൃത്വത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മറ്റ് ഡിവിഷനുകളില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും നഗരസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ എ പി മജീദ് പറഞ്ഞു.