സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്ന നിലയ്ക്ക് അങ്കണവാടി ജീവനക്കാര്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാറിന് അങ്കണവാടികളോടും ജീവനക്കാരോടും സ്‌നേഹപരമായ സമീപനമാണ് ഉള്ളത്. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മാതൃകാ അങ്കണവാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വര്‍ഷം മുന്‍പ് 7000 രൂപയായിരുന്നു അങ്കണവാടി അധ്യാപകരുടെ വേതനം. ഇത് 10,000 രൂപയാക്കി ഉയര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചു. മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും ആശ്വാസ കേന്ദ്രമായി കുരുവട്ടൂര്‍ മാതൃകാ അങ്കണവാടി മാറണമെന്നും അതിന് ജനകീയ പങ്കാളിത്തം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുരുവട്ടൂര്‍ ശിശുമന്ദിരം പരിസരത്ത് നടന്ന ചടങ്ങില്‍ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 6.75 ലക്ഷവും സാമൂഹ്യ നീതി വകുപ്പിന്റെ 17 ലക്ഷം രൂപയും കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 1.15 ലക്ഷം രൂപയും ഉപയോഗിച്ചാണ് അങ്കണവാടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രണ്ടു നിലയുള്ള കെട്ടിടത്തില്‍ അടുക്കള, ക്ലാസ് റൂം, ശുചിമുറി, മീറ്റിംഗ് ഹാള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തീകരിച്ച അങ്കണവാടിയില്‍ 16 കുട്ടികളാണ് ഉള്ളത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മീന, സ്ഥിരം സമിതി അംഗങ്ങളായ കെ.കെ കൃഷ്ണദാസ്, എം.കെ ലിനി, കെ ഷാജി കുമാര്‍, ജില്ലാപഞ്ചായത് മെമ്പര്‍ ജുമൈലത്ത്, വാര്‍ഡ് മെമ്പര്‍ നിഷിജ നെങ്ങോറ, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.