ഇന്നലെ കെപിസിസി എക്സിക്യൂട്ടീവ് യോഗം ഇന്ദിരാഭവനില്‍ ചേര്‍ന്നു. കെപിസിസി ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും എംപിമാരും എംഎല്‍എമാരും പങ്കെടുത്തു. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ സുപ്രധാന വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടന്നു.
1) ഏകവ്യക്തി നിയമത്തിനെതിരേ ജനസദസ്- ബഹുസ്വരതയുടെ ആഘോഷം
ഏകവ്യക്തി നിയമത്തെ (Uniform Civil Code ) കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നു. എക്കാലത്തും കോണ്‍ഗ്രസിന്റെ നിലപാട് അതു തന്നെയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനും വര്‍ഗീയവത്കരിക്കാനും ശ്രമിക്കുന്ന ബിജെപിയുടെ വിഭജന തന്ത്രങ്ങള്‍ക്കെതിരെ കെപിസിസിയുടെ ആഭിമുഖ്യത്തില്‍ ഈ ജൂലൈ മാസത്തില്‍ത്തന്നെ കേരളത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ ‘ബഹുസ്വരതാ സംഗമങ്ങള്‍’ എന്ന പേരില്‍ ജനസദസ് സംഘടിപ്പിക്കും. Celebrating Diversity /ബഹുസ്വരതയുടെ ആഘോഷം എന്നതായിരിക്കും മുദ്രാവാക്യം. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ജനസദസ്.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പ് വേളകളിലും ഏകവ്യക്തി നിയമം ഉയര്‍ത്തിക്കൊണ്ടുവന്ന് രാഷ്ട്രീയനേട്ടം കൈവരിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. ഇത്തവണയും തെരഞ്ഞെടുപ്പ് അടുക്കാറായപ്പോഴാണ് ഈ വിഭജന കാര്‍ഡ് ഇറക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, മണിപ്പൂരിലടക്കമുള്ള ക്രമസമാധാനത്തകര്‍ച്ച എന്നിങ്ങനെയുള്ള ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയാവാതിരിക്കാനാണ് ബിജെപി ഈ വൈകാരിക വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നത്.
ഏകവ്യക്തി നിയമം നടപ്പാക്കുമ്പോള്‍ അതു ബാധിക്കാന്‍ പോകുന്നത് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏകവ്യക്തി നിയമം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല. രാജ്യത്തെ വൈവിധ്യങ്ങള്‍ എന്നത് നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമായതിനാല്‍ വിവിധങ്ങളായ വ്യക്തിനിയമങ്ങള്‍ ഉണ്ടാവുക എന്നതും തികച്ചും സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഈ വൈവിധ്യങ്ങളെ ഇല്ലാതാക്കുക എന്നതാണ് വ്യക്തിനിയമം ഏകീകരിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. അതവരുടെ ഏകശിലാത്മകമായ ദേശീയതാ സങ്കല്‍പ്പത്തിന്റെ തുടര്‍ച്ചയാണ്. എന്നാല്‍ ബഹുസ്വര ദേശീയതയാണ് കോണ്‍ഗ്രസിന്റേയും ഇന്ത്യന്‍ ഭരണഘടനയുടേയും കാഴ്ചപ്പാട്. അതുകൊണ്ടാണ് ഏകവ്യക്തി നിയമം നടപ്പാക്കാതിരിക്കാനുള്ള ജാഗ്രത ഭരണഘടനാ ശില്‍പ്പികള്‍ തന്നെ കാണിച്ചത്.
നരേന്ദ്രമോദി തന്നെ നിയമിച്ച ലോ കമ്മീഷന് 2018ല്‍ നല്കിയ റിപ്പോര്‍ട്ടിലും പറയുന്നത് ഏകവ്യക്തി നിയമം കോഡ് ഇന്ത്യക്ക് അഭിലഷണീയമോ അനിവാര്യമോ അല്ല എന്നാണ്. സുചിന്തിതമായ ഈ അഭിപ്രായം തന്നെയാണ് കോണ്‍ഗ്രസിനും എന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, കേരളത്തില്‍ സിപിഎം ഇത് മുസ്ലീംകളെ മാത്രം ബാധിക്കുന്ന വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്ന് വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നു. 1985ല്‍ ഷാബാനു കേസില്‍ കോടതി വിധി വന്നതിനെ തുടര്‍ന്ന് ഏകവ്യക്തി നിയമം വേണമെന്ന് വ്യക്തമായ നിലപാടെടുക്കുകയും 1987ലെ തെരഞ്ഞടുപ്പില്‍ ശരീയത്തിനെ കടന്നാക്രമിച്ച് ഹിന്ദു വര്‍ഗീയത ഇളക്കിവിടുകയാണ് ഇഎംഎസും സിപിഎമ്മിന്റെ മുഴുവന്‍ നേതൃത്വവും ചെയ്തത്. ഇകെ നായനാരും സുശീലാ ഗോപാലനും പി സതീദേവിയുമൊക്കെ ഏകവ്യക്തി നിയമത്തിന് അനുകൂലമായി പല ഘട്ടങ്ങളിലും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് പ്രത്യേക നിയമ നിര്‍മാണത്തിലൂടെ മുസ്ലീം ജനവിഭാഗത്തിന് സംരക്ഷണം നല്‍കിയത്. കുറുക്കന് കോഴിയുടെ സുഖമന്വേഷിക്കാന്‍ ചെല്ലുന്നതുപോലെയാണ് സിപിഎം ന്യൂനപക്ഷ സംരക്ഷണത്തിന് ഇറങ്ങിച്ചെല്ലുന്നത്.
ഈ കാപട്യത്തെ കൃത്യമായി തിരിച്ചറിയാന്‍ പല ന്യൂനപക്ഷ സംഘടനകള്‍ക്കും ഇപ്പോള്‍ കഴിയുന്നുണ്ട് എന്നാണ് ഞങ്ങള്‍ കാണുന്നത്. അതില്‍ സന്തോഷമുണ്ട്.
2) പകപോക്കലിനെതിരേ പോലീസ് സ്റ്റേഷന് മാര്‍ച്ച്, മാധ്യമ സ്വാതന്ത്ര്യ സംഗമങ്ങള്‍
രാഷ്ട്രീയപകപോക്കലിനും മാധ്യമവേട്ടയ്ക്കുമെതിരേ 283 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് ജൂലൈ 26ന് നടത്തും.
കെപിസിസിയുടെ ആഭിമുഖ്യത്തില്‍ മേഖല തിരിച്ച് മാധ്യമ സ്വാതന്ത്ര്യ സംഗമങ്ങള്‍ നടത്തും.
മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റര്‍ ഷാജന് സ്കറിയക്കെതിരേ എടുത്ത കേസിന്റെ പേരില്‍ ആ മാധ്യമത്തിന്റെ ഓഫീസുകള്‍ പോലീസ് റെയ്ഡ് ചെയ്തും കംപ്യൂട്ടറുകള്‍ മുഴുവന്‍ എടുത്തുകൊണ്ടു പോയും വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകള്‍ രാത്രിയില്‍ പോലും റെയ്ഡു ചെയ്തും പൂട്ടിച്ച സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടിയെ ശക്തമായി അപലപിക്കുന്നു. ഒരു സ്ഥാപനം പൂട്ടിച്ച് അതിലെ ജീവനക്കാരെ മുഴുവന്‍ പെരുവഴിയിലാക്കുന്ന മുഖ്യമന്ത്രി തനിക്ക് സ്തുതി പാടാത്തവരെയെല്ലാം ജയിലിലടയക്കുന്ന മോദിയുടെ അതേ പാതയിലാണ് സഞ്ചരിക്കുന്നത്. ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയ സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെയും കേസുകളില്‍ കുടുക്കി നാവടപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. മാധ്യമ പ്രവര്‍ത്തകരുടെ പേരെടുത്ത് പറഞ്ഞ് അവരെ തെരുവില്‍ കായികമായി കൈകാര്യം ചെയ്യാനുള്ള കലാപാഹ്വാനമാണ് സിപിഎം അനുകൂലികള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്നത്. ഇതിന് സിപിഎമ്മിന്റെ ചില എംഎല്‍എമാര്‍ തന്നെ നേതൃത്വം നല്കുന്ന ഗൗരവതരമായ സാഹചര്യം കാണാന്‍ കഴിയുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് നേരെ വളര്‍ന്നുവരുന്ന ഈ അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെത്തന്നെ അപകടപ്പെടുത്തുന്നു എന്നതിനാലാണ് ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണവുമായി കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്.
3) മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സദസുകള്‍
ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ‘മണിപ്പൂരിനൊപ്പം, മനുഷ്യര്‍ക്കൊപ്പം’ ഐക്യദാര്‍ഢ്യ സദസുകള്‍ ജൂലൈ മൂന്നാം വാരം
സംഘടിപ്പിക്കും.
മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. രണ്ടു മാസമായി മണിപ്പൂര്‍ കത്തിയെരിയുകയാണ്. 120 പേരോളം ഇതുവരെ കൊല്ലപ്പെട്ടു. 500ലേറെ ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ത്തു. ക്രിസ്ത്യന്‍ സമൂഹത്തെ ഇങ്ങനെ ആസൂത്രിതമായി വേട്ടയാടിയിട്ടും പ്രധാനമന്ത്രി മോദി ഈ അതീവഗൗരവമുള്ള ഈ വിഷയത്തില്‍ ഇടപെട്ടില്ല. ഇത്രയും നിഷ്ഠൂരമായ സംഭവത്തെ അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയാറായില്ല. അതേസമയം, മണിപ്പൂരില്‍ സ്നേഹയാത്രയുമായി എത്തിയ രാഹുല്‍ ഗാന്ധിയെ ബിജെപി സര്‍ക്കാര്‍ റോഡില്‍ തടഞ്ഞെങ്കിലും ആയിരക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരന്നുനിന്ന് വരവേറ്റു. രണ്ടു ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനവേളയില്‍ കണ്ട കാഴ്ചകള്‍ തന്റെ ഹൃദയം തകര്‍ത്തെന്നാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്. മണിപ്പൂരില്‍ സാന്ത്വന സന്ദേശവുമായി എത്തി ജനങ്ങളുടെ മുറിവുണക്കിയ ശ്രീ രാഹുല്‍ ഗാന്ധിയെയും എഐസിസിയുടെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കിയ സംഘടാനാ ചുമതലയുള്ള എഐസിസി ജന സെക്രട്ടറി ശ്രീ കെസി വേണുഗോപാലിനെയും നേതൃയോഗം അഭിനന്ദിച്ചു.
15 വര്‍ഷം മണിപ്പൂരില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇബോബി സിംഗ് ഭരിച്ചപ്പോള്‍ അവിടെ കലാപം ഉണ്ടായിട്ടില്ല. ഇതിനു മുമ്പ് 2001ല്‍ കലാപം ഉണ്ടായപ്പോള്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നു. ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഭരണമേറ്റ 2017 മുതലാണ് മണിപ്പൂര്‍ കലാപഭരിതമായത്.
റബര്‍ വില 300 രൂപയാക്കാമെന്നു മോഹിപ്പിച്ചും കുരിശുമല കയറിയും ക്രിസ്മസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും ക്രൈസ്തവരെ പാട്ടിലാക്കാന്‍ ഓടിനടന്ന കേരളത്തിലെ ബിജെപിക്കാര്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടക്കുമ്പോള്‍ ഓടിയൊളിച്ചു. ആട്ടിന്‍തോലിട്ട ചെന്നായുടെ തനിസ്വരൂപം പുറത്തുവന്നതോടെ അടുപ്പം കാട്ടിയവര്‍പോലും ഇനി അടുപ്പിക്കാനാവാത്ത വിധം അകന്നുപോയി. ബിജെപിയുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞു.
4) വിദ്യാഭ്യാസ സംരക്ഷണ കാമ്പെയിന്
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല സിപിഎമ്മും എസ്എഫ് ഐയും അരാജകത്വത്തിലേക്ക് കൂപ്പുകുത്തിച്ച അതീവ ഗുരുതരമായ സാഹചര്യത്തില്‍ വിദ്യാഭ്യാസമേഖലയുടെ സംരക്ഷണത്തിന് കെപിസിസിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സംരക്ഷണ കാമ്പയിന് ആരംഭിക്കും. ഇതിന്റെ ഭാഗമായി സര്‍വകലാശാലാ മാര്‍ച്ചുകളും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മകളും സംഘടിപ്പിക്കും.
സംസ്ഥാനത്തെ 66 കോളജുകളില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഭരണമാണ് നടക്കുന്നത്. പിഎസ് സി അംഗീകരിച്ച 43 പ്രിന്‍സിപ്പല്‍മാരുടെ ലിസ്റ്റില്‍ നിന്ന് ഒരു വര്‍ഷമായിട്ടും ആരെയും നിയമിച്ചില്ല. ഇതിനെതിരേ ഇവര്‍ ട്രൈബ്യൂണലില്‍ പോയി നേടിയ അനുകൂലവിധിക്കെതിരേ അപ്പീല്‍ പോകാനാണ് സര്‍വകലാശാലയുടെ വിചിത്രമായ തീരുമാനം. അനര്‍ഹരായ ഇടതു സംഘടനാ നേതാക്കളെ കുത്തിത്തിരുകാനാണ് ഇങ്ങനെയൊരു നീക്കം നടത്തുന്നത്.
സംസ്ഥാനത്തെ 14ല്‍ 9 സര്‍വകലാശാലകളിലും ഇന്‍ ചാര്‍ജ് വിസിമാര്‍ മാത്രമാണുള്ളത്. പാര്‍ട്ടിയും എസ്എഫ്ഐയും പറയുന്നത് ശിരസാവഹിക്കുന്നവരാണിവര്. കടുത്ത ഇടതുപക്ഷക്കാരായ ഇവരെ ഉപയോഗിച്ച് നിരവധി പാര്‍ട്ടിക്കാരെയാണ് അധ്യാപകരായി നിയമിച്ചിട്ടുള്ളത്.
ആള്‍മാറാട്ടം, വ്യാജ സര്‍ട്ടിഫിക്കറ്റ്, വ്യാജ ബിരുദങ്ങള്‍ തുടങ്ങിയ നിരവധി ആരോപണങ്ങളാണ് സര്‍വകലാശാലകളിലും കോളജുകളിലും ഉണ്ടാകുന്നത്. അത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ എത്തിനില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ അക്കാദമിക് അഡൈ്വസര്‍ രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം അപ്പാടെ കോപ്പിടയടിച്ചതാണ് എന്നാണ് കെഎസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പുറത്തുവിട്ട വിവരം. മറ്റൊരാള്‍ 2014 ജനുവരിയില്‍ സമര്‍പ്പിച്ച തീസിസ് കാളിയാടന്‍ അതു തന്നെ നവംബറില്‍ മറ്റൊരു സര്‍വകലാശാലയില്‍ നല്‍കിയാണ് ഡോക്ടറേറ്റെടുത്തത്. യുജിസി മാനദണ്ഡപ്രകാരം 4 വര്ഷംകൊണ്ടെടുക്കേണ്ട ഡോക്ടറേറ്റ് കാളിയാടന്‍ 2 വര്‍ഷംകൊണ്ട സംഘടിപ്പിച്ചു.
കാളിയാടന്റെ തട്ടിപ്പിനെക്കുറിച്ച് കെഎസ് യു പ്രസിഡന്റ് പോലീസിനു നല്കിയ പരാതിയില്‍ അന്വേഷണമില്ല. അതേസമയം കാളിയാടന്‍ നല്കിയ പരാതിയില്‍ കെഎസ് യു പ്രസിഡന്റിനെതിരേ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പിച്ച്ഡി മോഷ്ടിച്ചെന്ന ആരോപണം നേരിടുന്ന കാളിയാടനെ ഉടനടി സ്റ്റാഫില്‍ നിന്ന് പുറത്താക്കി അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.
5) ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്ത് കാലവര്‍ഷം കനക്കുമ്പോള്‍ മലയോര, തീരപ്രദേശങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കടലാക്രമണത്തിനെതിരെ സര്‍ക്കാരിന് ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന കാരണത്താല്‍ പലയിടത്തും ജനങ്ങള്‍ പ്രത്യക്ഷ സമരത്തിലേക്ക് കടന്നുവരികയാണ്. സര്‍ക്കാര്‍ പ്രതിനിധികളേയും റവന്യൂ ഉദ്യോഗസ്ഥരേയും തെരുവില്‍ തടയുന്ന അവസ്ഥ പോലും ഉണ്ടാവുന്നുണ്ട്.
ആവശ്യമുള്ള എല്ലായിടങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ എല്ലാ കോണ്‍ഗ്രസ് ഘടകങ്ങള്‍ക്കും കെപിസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയോര, തീരമേഖലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടാവും.
6) നെല്‍കര്‍ഷകരുടെ കുടിശിക
കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കൃഷി ചെയ്ത് മലയാളികളെ പോറ്റുന്ന നെല്‍ കര്‍ഷകര്‍ക്ക് 800 കോടി രൂപയിലധികമാണ് കുടിശിക. സര്‍ക്കാരും സപ്ലൈക്കോ അവരെ നെട്ടോട്ടമോടിക്കുന്നു. നെല്‍കര്‍ഷകരുടെ കുടിശിക എത്രയും വേഗം നല്കാന് നടപടിയെടുക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു.
യുഡിഎഫ് ഏകോപന സമിതി യോഗം ജൂലൈ 10 ന്
യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ജൂലൈ 10 രാവിലെ 10.30 ന് കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അധ്യക്ഷതയിൽ ചേരുമെന്ന് കൺവീനർ എം എം ഹസ്സൻ അറിയിച്ചു.

