ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനില്‍ വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏറെ തിരക്കുള്ള നടനായതിനാൽ വിജയ് സേതുപതിയുടെ ഡേറ്റിനായി ശ്രമിക്കുകയാണെന്നും സിനിമയിൽ താരത്തിന്റെ സാന്നിധ്യം ഉടൻ പ്രഖ്യാപിക്കുമെന്നുംപറയുന്നു.ചിത്രത്തിനെക്കുറിച്ചും അതിലെ റോളിനെക്കുറിച്ചുമൊക്കെ വിശദീകരിച്ചെങ്കിലും വിജയ് സേതുപതി ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റമായ ജവാനിലേക്ക് വിജയ് സേതുപതി കൂടി എത്തുന്നപക്ഷം അത് തെന്നിന്ത്യന്‍ പ്രേക്ഷകരില്‍ സ്വീകാര്യത കൂട്ടാന്‍ ഇടയാക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ ചിന്ത.അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗത്തിലും വില്ലന്‍ വേഷം സേതുപതിക്ക് ഓഫര്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിലൊന്നും തന്നെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. ലോകേഷ് കനകരാജിന്റെ വിക്രം സിനിമയിലെ വിജയ് സേതുപതിയുടെ വില്ലന്‍ കഥാപാത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ഇതിന് മുമ്പും വിജയ് സേതുപതി നിരവധി വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മാമനിതനാണ് വിജയ് സേതുപതിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.വാർത്ത പുറത്തുവന്നതിന് പിന്നാലെ വിജയ് സേതുപതിയും ഷാരൂഖ് ഖാനും ഒരുമിച്ചുള്ള പഴയ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.2023 ജൂൺ രണ്ടിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം മൊഴിമാറ്റിയെത്തും.അറ്റ്‌ലി ആദ്യമായി ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ജവാന്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.