എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫിയെ ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി സംഘം. പെട്രോൾ പമ്പിലും റെയിൽവെ സ്റ്റേഷനിലും അടക്കം പ്രതിയുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തി.എൻ ഐ എ കേസ് ഏറ്റെടുത്തതിന് ശേഷം ആദ്യമായിട്ടാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നത് .
ഏഴു ദിവസത്തേക്കാണ് കൊച്ചിയിലെ എൻഐഎ കോടതി ഷാരൂഖ് സെയ്‌ഫിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് നാലാം ദിവസമാണ് ഷാരൂഖ് സെയ്ഫി കസ്റ്റിയിലുള്ളത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നത്.
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത് കഴിഞ്ഞ ഏപ്രിൽ 18 നായിരുന്നു. കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയതിന് പിന്നാലെ എൻഐഎ കൊച്ചി യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മൂന്നു പേരുടെ മരണത്തിനും 9 പേർക്ക് ഗുരുതരമായി പരിക്കേൽക്കാനും ഇടയായ ട്രെയിൻ തീവയ്പ് കേസിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയത്.