സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം നാളെയെന്ന് കെ വി തോമസ്. നാളെ രാവിലെ 11 ന് മാധ്യമങ്ങളെ കാണുമെന്നും കെ വി തോമസ് അറിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ കെ വി തോമസ്, ശശി തരൂര്‍ എന്നിവരെയാണ് ക്ഷണിച്ചിരുന്നത്.
കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കാനുള്ള സാധ്യത സിപിഐഎം പൂര്‍ണമായി തള്ളുന്നില്ല. കെ വി തോമസ് മാത്രമല്ല മറ്റ് പല നേതാക്കളും സെമിനാറില്‍ പങ്കെടുക്കുമെന്നാണ് ഇപി ജയരാജന്‍ പറഞ്ഞത്. സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എം വി ജയരാജനും പറഞ്ഞു. ബിജെപിയെയല്ല തങ്ങള്‍ ക്ഷണിച്ചത്. അവര്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്ഥാനമില്ല. എന്നാല്‍ നേതാക്കള്‍ക്ക് സെമിനാറില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കാതിരുന്ന കോണ്‍ഗ്രസ് ഭാവിയില്‍ ഇതേച്ചൊല്ലി ഖേദിക്കേണ്ടി വരും. കോണ്‍ഗ്രസ് നേതൃത്വത്തിന്റേത് തിരുമണ്ടന്‍ തീരുമാനമായിപ്പോയെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിനെതിരെ കെപിസിസി രംഗത്തു വന്നിരുന്നു. ഇതേത്തുടര്‍ന്ന് സിപിഎം സെമിനാറില്‍ സംബന്ധിക്കുന്നതില്‍ നിന്നും ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശശി തരൂര്‍ പിന്മാറി.