ധനമന്ത്രി ഡോ: തോമസ് ഐസക് പദ്ധതിക്ക് തുടക്കമിട്ടു
ബാങ്ക് അക്കൗണ്ടിലെ പണം ഇനി തപാൽ വകുപ്പ് വഴി ആവശ്യക്കാരന്റെ വീട്ടുപടിക്കലെത്തും. ക്ഷേമപെൻഷനും സ്‌കോഷർഷിപ്പും ഉൾപ്പെടെയുള്ളവ ലോക്ക്ഡൗൺ കാലത്ത് ബാങ്കുകളിൽ എത്താതെതന്നെ കൈപ്പറ്റാവുന്ന പദ്ധതിയ്ക്ക് തുടക്കമായി.ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിൽ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിട്ടു.
ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ഇത്തരത്തിൽ പോസ്റ്റ് ഓഫീസിൽ വിളിച്ചാൽ പോസ്റ്റുമാൻ മുഖേന വീട്ടിലെത്തിക്കും.ക്ഷേമപെൻഷനുകളുടെയും സ്‌കോളർഷിപ്പുകളുടെയും അടുത്ത ഗഡു എട്ടാംതീയതിമുതൽ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തുമെന്നും ഇക്കാലയളവിൽ വീട്ടിലിരുന്ന് തന്നെ പണം ലഭ്യമാക്കാൻ ഈ പദ്ധതി ഏറെ സഹായകമാകുമെന്ന് ധനമന്ത്രി പറഞ്ഞു.ഇതിനായി ഉപഭോക്താവിന് വേണ്ടത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണും ആധാർ നമ്പരും മാത്രമാണ്. വീട്ടിലെത്തുന്ന തപാൽ ജീവനക്കാരനോട് മൊബൈൽ നമ്പർ പറയുന്നു. ശേഷം ലഭിക്കുന്ന ഒ.ടി.പി അദ്ദേഹവുമായി പങ്കിടുന്നു. തുടർന്ന് ബയോമെട്രിക് സ്‌കാനിംഗ് വഴി ഉപഭോക്താവിനെ തിരിച്ചറിഞ്ഞ് പണം കൈമാറും.ലോക്ക്ഡൗൺ കാലയളവിൽ ശാരീരിക അകലം പാലിക്കേണ്ടതിനാൽ ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ ആവശ്യാനുസരണം പണം ലളിതമായി പിൻവലിക്കാം. ഉപഭോക്താവിന് ഈ സേവനം സൗജന്യമാണ്.ബയോമെട്രിക് ഉപകരണം ഉപയോഗിക്കവേ തപാൽ ജീവനക്കാർ ഹാൻഡ് സാനിറ്റൈസർ, മാസ്‌ക്, മറ്റ് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ ഉപയോഗിഞ്ഞ് മുൻകരുതലുകൾ സ്വീകരിച്ചശേഷമാകും സേവനം ലഭ്യമാക്കുക.
പണം പിൻവലിക്കാനുള്ള ആവശ്യം നിറവേറ്റാനായി ഉപഭോക്താക്കൾക്ക് അടുത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസുമായോ ഓരോ തപാൽ ഡിവിഷനിലും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുമായോ ബന്ധപ്പെടണം.തപാൽ വകുപ്പിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യാ പോസ്റ്റ് പേമെൻറ് ബാങ്ക് സംവിധാനത്തിലൂടെയാണ് പണം തപാൽ വകുപ്പ് നൽകുന്നത്.
ചടങ്ങിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശാരദാ സമ്പത്ത്, പോസ്റ്റർ സർവീസ് ഡയറക്ടർ സയീദ് റാഷിദ് തുടങ്ങിയവരും സംബന്ധിച്ചു.സംസ്ഥാനത്തെ വിവിധ പോസ്റ്റൽ ഡിവിഷനുകളുടെ ഹെൽപ്പ്ലൈൻ നമ്പരുകൾ ചുവടെ: തിരുവനന്തപുരം നോർത്ത്: 0471-2464814, 2464794, തിരുവനന്തപുരം സൗത്ത്: 0471-2471654, കൊല്ലം: 0474-2760463, തിരുവല്ല: 0469-2602591, പത്തനംതിട്ട: 0468-2222255, ആലപ്പുഴ: 0477-2251540, ആലുവ: 0484-2620570, ചങ്ങനാശ്ശേരി: 0481-2424444, എറണാകുളം: 0484-2355336, ഇടുക്കി: 0486-2222281, ഇരിങ്ങാലക്കുട: 0480-2821626, കോട്ടയം: 0481-2582970, മാവേലിക്കര: 0479-2302290, 2303293, തൃശ്ശൂർ: 0487-2423531, പാലക്കാട്: 0491-2544740, ഒറ്റപ്പാലം: 0466-2222404, തിരൂർ: 0494-2422490, മഞ്ചേരി: 0483-2766840, കോഴിക്കോട്: 0495-2386166, വടകര: 0496-2523025, തലശ്ശേരി: 0490-2322300, 7907272056, കണ്ണൂർ: 0497-2708125, കാസർകോട്: 04994-230885