
പി.എസ്.സി. നിയമനം, കരാര്‍ ജീനവക്കാരെ സ്ഥിരപ്പെടുത്തല്‍ പ്രതിഷേധിച്ച് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. സെക്രട്ടറിയേറ്റ് ഗേറ്റിനു മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. എന്നാല്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ ഗേറ്റിനു മുന്നില്‍തന്നെ തുടര്‍ന്നു. പോലീസ് ബാരിക്കേഡ് തള്ളിമാറ്റി അകത്തു കയറാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. മുദ്രാവാക്യം വിളി തുടര്‍ന്ന പ്രവര്‍ത്തകരും പോലീസുമായി വാക്കേറ്റമുണ്ടായി. ഇതിനെ തുടര്‍ന്ന് പോലീസ് രണ്ടു തവണ ഗ്രനേഡ് പ്രയോഗിക്കുകയും ഒരു തവണ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പിന്നീട് പ്രതിഷേധ പരിപാടിയില്‍ കെ.എസ്. ശബരീനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചതിനു ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. നിലവില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ശക്തമായ പോലീസ് സന്നാഹമുണ്ട്.