ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ.കൊവിഡ് വാക്സിന്‍ എടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മത്സരത്തിന് എത്തിയ നൊവാക് ജോക്കോവിച്ചിനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ അധികൃതര്‍ തടയുകയായിരുന്നു. താരത്തെ ഇന്ന് സെര്‍ബിയയിലേക്ക് തിരിച്ചയക്കും.മെല്‍ബണിലെ തുലാമറൈന്‍ വിമാനത്താവളത്തില്‍ നിന്ന് ജോക്കോവിച്ചിനെ സര്‍ക്കാര്‍ കരുതല്‍ കേന്ദമായ പാര്‍ക്ക് ഹോട്ടലിലേക്ക് കൊണ്ടുപോയി.
കൊവിഡ് പ്രതിരോധ വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ ഇത്തവണ കളിക്കാൻ സാധിക്കില്ല. മെൽബൺ സ്ഥിതി ചെയ്യുന്ന ഓസ്ടേലിയയിലെ വിക്ടോറിയ സ്റ്റേറ്റിൽ കായിക താരങ്ങൾക്ക് വാക്സിൻ നിർബന്ധമാക്കിയിരിക്കുകയാണ്.
മെല്‍ബണിലെത്തിയ നൊവാക് ജോക്കോവിച്ചിനോട് കൊവിഡ് വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായി സ്വീകരിച്ചിട്ടുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. വാക്സിന്‍ എടുക്കാത്തതിന് കാരണമായി കൃത്യമായ ആരോഗ്യകാരണങ്ങള്‍ ബോധ്യപ്പെടുത്തുന്ന തെളിവ് ഹാജരാക്കാന്‍ താരത്തിന് കഴിഞ്ഞില്ലെന്നും അധികൃതര്‍ പറഞ്ഞു.
നിയമം എല്ലാവര്‍ക്കും ബാധകമാണെന്നായിരുന്നു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പ്രതികരണം. ‘ആരും നിയമത്തിന് അതീതരല്ല’ എന്നും പ്രധാനമന്ത്രി പറഞ്ഞു. നൊവാക് ജോക്കോവിച്ചിന് പ്രത്യേക പരിഗണന ഒന്നും നല്‍കിയിട്ടില്ലെന്നായിരുന്നു ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് മേധാവിയുടെ പ്രതികരണം. കൃത്യമായ കാരണമില്ലാതെ ആര്‍ക്കും ഇളവ് നല്‍കിയില്ലെന്നും അദ്ദേഹം അറിയിച്ചു.
ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ;വിമാനത്താവളത്തിൽ തടഞ്ഞു

