അഹമ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി. മുൻ മന്ത്രിയായ മുതിർന്ന നേതാവ് പാർട്ടി വിട്ടതാണ് തിരിച്ചടിയായത്. പ്രമുഖ നേതാവായ ജയ്‌നാരായണൻ വ്യാസ് ആണ് പാർട്ടി വിട്ടത്. കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. ‘കഴിഞ്ഞ മൂന്ന് ദശാബ്ദമായി പാർട്ടി പ്രത്യയശാസ്ത്രപ്രകാരം സജീവമായി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണ്’, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സിആർ പാട്ടീലിന് അയച്ച രാജികത്തിൽ ജയ്‌നാരായണൻ വ്യാസ് പറഞ്ഞു.
നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കേയാണ് ജയ്‌നാരായണൻ വ്യാസ് മന്ത്രിയായിരുന്നത്. 2012ലും 2017ലും സിദ്ധ്പൂരിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞയാഴ്ച കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടിനെ ജയ്‌നാരായൺ വ്യാസ് സന്ദർശിച്ചിരുന്നു. ‘സംസ്ഥാനത്ത് ബിജെപിയെ കെട്ടിപ്പടുക്കാൻ മുൻകൈയ്യെടുത്ത നേതാവായ വ്യാസിനെ ഇപ്പോൾ പാർട്ടി അവഗണിക്കുകയാണ്. അദ്ദേഹം അടുത്തിടെ സോണിയാ ഗാന്ധി, അശോക് ഗെഹ്‌ലോട്ട്, സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി നേതാവ് രഘുശർമ്മ എന്നിവരെ സന്ദർശിച്ചിരുന്നു. അദ്ദേഹം കോൺഗ്രസിൽ ചേരണോ വേണ്ടയോ എന്നതിൽ ഒരു തീരുമാനമെടുക്കുമോ എന്നത് നമുക്ക് കാത്തിരുന്ന് കാണാം’, കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ജഗദീഷ് താക്കൂർ പറഞ്ഞു.