കുന്ദമംഗലം; ഐഐഎം ഗേറ്റിന് സമീപത്ത് വീണ്ടും പൈപ്പ് പൊട്ടി. ഫാമിലി വെഡ്ഡിങ് സെന്ററിന് മുന്നിലായാണ് പൈപ്പ് പൊട്ടി റോഡ് താറുമാറായത്. കുന്ദമംഗലം മുതല്‍ കാരന്തൂര്‍ വരെ ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് സ്ഥിര സംഭവമാണ്. ഇത്തരത്തില്‍ പൈപ്പ് പൊട്ടി റോഡില്‍ കുഴികള്‍ വീഴുന്നതില്‍ നാട്ടുകാര്‍ പല തവണ പരാതി കൊടുത്തിരുന്നു. പലപ്പോളും ഇരുചക്ര വാഹനങ്ങളും കുഴിയില്‍ വീണ് അപകടത്തില്‍ പെട്ടിരുന്നു. കുന്ദമംഗലം എംഎല്‍എ റോഡിലും ഇത്തരത്തില്‍ നിരവധി തവണ പൈപ്പ് പൊട്ടിയിരുന്നു. ഇതുമൂലം കാല്‍നടയാത്രക്കാരും കുട്ടികളും ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്. തുടര്‍ന്ന് റോഡിലെ കുഴിയില്‍ മരം നട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. പൊതുവെ വൈകുന്നേരങ്ങളിലും മറ്റും വലിയ ട്രാഫിക് ബ്ലോക്ക് ഉള്ള കുന്ദമംഗലത്ത് റോഡിന്റെ ശോചനീയാവസ്ഥകൂടി ആവുന്നതോടെ ഗതാഗതം ഏറെ ബുദ്ധിമുട്ടാണ്. മെഡിക്കല്‍ കോളേജ് റോഡ് ആയതിനാല്‍ ആംബുലന്‍സുകളെല്ലാം ബ്ലോക്കില്‍പെടുന്നതും പതിവാണ്. പല തവണ നാട്ടുകാര്‍ വിഷയത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൈപ്പ് പൊട്ടുന്നതില്‍ യാതൊരു മാറ്റവുമില്ല. നിലവാരമില്ലാത്ത പൈപ്പും മറ്റും ഉപയോഗിച്ചതിനാലാണ് ഇടക്കിടെ ഇത്തരത്തില്‍ പൈപ്പ് പൊട്ടുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.