കോഴിക്കോട്: കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ വ്യവസായ വാണിജ്യ വകുപ്പിന്റെയും കേരള ബ്യുറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷന്റെയും സംയുക്ത നേതൃത്വത്തിൽ കോഴിക്കോട് സ്വപ്ന നഗരിയിൽ സംഘടിപ്പിക്കുന്ന മലബാർ ക്രാഫ്റ്റ്സ് മേള ജനശ്രദ്ധ പിടിച്ചു പറ്റുന്നു. പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ടു നിർമിച്ച വ്യത്യസ്തങ്ങളായ ഉൽപന്നങ്ങളാണ് മേളയുടെ മുഖ്യ ആകർഷണം. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിൽ നിന്നായി പല രൂപത്തിലും നിറത്തിലുമുള്ള പരിസ്ഥിതി സൗഹാർദ്ദപരമായ കരകൗശല ഉത്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.
ഒക്ടോബര് 2 മുതൽ ആരംഭിച്ച മലബാർ ക്രാഫ്റ്റ്സ് മേള16 വരെ നീണ്ടു നിൽക്കും. ഉപപോക്താക്കൾക്ക് സംരംഭകരിൽ നിന്ന് സാധനങ്ങൾ നേരിട്ട് വാങ്ങാൻ സാധിക്കും എന്നതാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല ഉല്പന്നങ്ങളുടെ നിർമാണ രീതി നേരിട്ട് കാണാൻ ഉതകുന്ന തരത്തിലുള്ള ലൈവ് ഡെമോ സൗകര്യങ്ങളും ജനങ്ങൾക്കായി ഇവിടെ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ്, മണിപ്പുർ, മഹാരാഷ്ട്ര, മിസോറം, നാഗാലാൻഡ്, ഒഡീഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള കരകൗശല വിദഗ്ധരും ഉൽപന്നങ്ങളുമായി മേളയിൽ എത്തിയിട്ടുണ്ട്.
മലയാളി തനിമയുടെ കൂട്ടുപിടിച്ചു തെങ്ങോലകൊണ്ട് നിർമിച്ച ചെറിയ വീടുകളിലായിട്ടാണ് മേളയുടെ സ്റ്റാളുകൾ ഓരോന്നും ഒരുക്കിയിരിക്കുന്നത്. മുളയിൽ നിർമിച്ച ഇരിപ്പിടങ്ങൾ, ലാംപ് ഷെയ്ഡ്, മൺകലങ്ങൾ, കുട്ട, വട്ടി, ബാഗ്, പുട്ടു കുറ്റി, അലങ്കാര വസ്തുക്കൾ തുടങ്ങി കുട്ടികളുടെ കളിപ്പാട്ടമടക്കമുള്ള സ്റ്റാളുകൾ ഇവിടെ ലഭ്യമാണ്. കേരളത്തിലെ 40 യൂണിറ്റുകളിൽ നിന്നായി 80 ഉല്പാദകരാണ് അണിനിരക്കുന്നത്. കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരള ബാംബൂ മിഷൻ, എരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലെ സർഗ്ഗാലയ, കേരള ഫോറസ്ററ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് തുടങ്ങിയവയുടെ ഉത്പന്നങ്ങളും പ്രദർശനത്തിൽ തയ്യാറായിട്ടുണ്ട്.
ഇതിനുപുറമെ മേളയുടെ മിഴിവ് വർധിപ്പിക്കുന്നതിനായി എല്ലാ ദിവസവും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പൊതുജന പങ്കാളിത്തം കൊണ്ട് വിജയകരമായി മുൻപോട്ട് പോകുന്ന മലബാർ ക്രാഫ്റ്റ്സ് മേള രാവിലെ 11 മുതൽ രാത്രി 9 മണിവരെയാണ് നീണ്ടു നിൽക്കുന്നത്.