വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണെന്നും നടൻ പ്രേംകുമാർ. അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കുമെന്നും പ്രേംകുമാർ പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി അധികാരമേൽക്കുന്നതിനിടയിലാണ് പ്രേംകുമാറിന്റെ പരാമർശം. ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അന്വേഷണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം പ്രേംകുമാറിന് നൽകാൻ സർക്കാർ തീരുമാനിച്ചത്. വ്യക്തിപരമായി സന്തോഷമില്ല. രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണ്. അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കും. മലയാള സിനിമയിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാൻ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും. സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമ മേഖലയെ മാറ്റുമെന്നും പ്രേംകുമാർ പറഞ്ഞു. അതേസമയം, സിനിമ കോൺക്ലേവ് തീയതിയിൽ അന്തിമ തീരുമാനമായില്ലെന്നും മറ്റേണ്ടവരെ മാറ്റിനിർത്താമെന്നും പ്രേംകുമാർ പറഞ്ഞു. സ്ത്രീകളുടെ പോരാട്ടങ്ങൾക്ക് വേദിയുണ്ടാകണം. അക്കാദമിയുടെ തലപ്പത്തേക്ക് വനിത വരണമെന്ന് ആവശ്യപ്പെട്ടതായും പ്രേംകുമാർ കൂട്ടിച്ചേർത്തു.നേരത്തെ, ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നു പ്രേംകുമാർ. രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കുന്നതെന്ന് പുറത്തിക്കിയ ഉത്തരവിൽ പറയുന്നു. സാംസ്കാരിക വകുപ്പ് ജോയിന്‍റ് സെക്രട്ടറി ആര്‍ സന്തോഷാണ് ഉത്തരവിറക്കിയത്.