ഹൈദരാബാദ്: കോടതിയുടെ പടികള്‍ കയറാന്‍ കഴിയാതിരുന്ന വൃദ്ധയുടെ കേസ് കോടതിയ്ക്ക് മുന്നിലെ പടികളിലിരുന്ന് തീര്‍പ്പാക്കി ജില്ലാ ജഡ്ജ് അബ്ദുൽ ഹസീം. സംഭവം നടന്നിരിക്കുന്നത് തെലങ്കാനയിലെ ഭൂപാല്‍പള്ളി ജില്ലാ കോടതിയിലാണ്. മുന്‍ സുപ്രീം കോടതി ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവാണ് സംഭവം വിശദീകരിച്ച് ഫേസ്ബുക്കില്‍ കുറിട്ടത്.
‘ഇപ്പോഴും ഇന്ത്യയില്‍ ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. തന്റെ മുടങ്ങിപോയ ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ വേണ്ടി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കാനായിരുന്നു വൃദ്ധ കോടതിയില്‍ എത്തിയത്. പ്രായമേറിയത് കാരണം ശാരീരിക അവശതകള്‍ അനുഭവിക്കുന്ന വൃദ്ധയുടെ കേസാണ് ജഡ്ജ് അവരുടെ അടുത്തിരുന്ന് തീര്‍പ്പാക്കിയത്.
കോടതിയിലെ ക്ലര്‍ക്ക് പറഞ്ഞ് കാര്യമറിഞ്ഞ ജില്ലാ ജഡ്ജ് പ്രധാനപ്പെട്ട ഫയലുകളുമെടുത്ത് തന്റെ സീറ്റില്‍ നിന്നുമിറങ്ങി കോടതിയ്ക്ക് മുന്നിലേക്ക് വരികയായിരുന്നു.