തൃപ്പുണിത്തുറ പേട്ടയില്‍ യൂബര്‍ ടാക്‌സി കാര്‍ കാനയില്‍ വീണു. ഗൂഗിള്‍ മാപ്പുമിട്ട് പോകുന്നതിനിടെയാണ് റോഡിനോട് ചേര്‍ന്നുള്ള കാനയിലേക്ക് കാര്‍ വീണത്. പേട്ട താമരശേരി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.
കാനയും റോഡും തിരിച്ചറിയാന്‍ കഴിയാത്ത വിധം സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതിനിടെയാണ് സ്ഥലപരിചയമില്ലാത്ത യൂബര്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ അപകടത്തില്‍പ്പെട്ടത്. യാത്രക്കാരനെ ഇറക്കിയശേഷം പേട്ടയിലൂടെ വരികയായിരുന്നു. വഴിയാണെന്ന് തെറ്റിദ്ധരിച്ച് കാര്‍ തിരിച്ചപ്പോഴാണ് കാനയിലേക്ക് വീണത്. ഉടന്‍ തന്നെ ഡ്രൈവര്‍ കാറില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. നീണ്ട പരിശ്രമത്തിനൊടുവില്‍ റിക്കവറി വാഹനം ഉപയോഗിച്ച് കാര്‍ പുറത്തെടുത്തു.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വ്യാപകമായ വെള്ളക്കെട്ടും മറ്റ് മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ എറണാകുളം ജില്ലയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്.

