ജലനിരപ്പ് 137.45 അടിയെത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകളാണ് തുറന്നത്. മുപ്പത് സെന്റീമീറ്റര്‍ ഉയര്‍ത്തിയ ഷട്ടറിലൂടെ സെക്കന്റില്‍ 534 ഘനയടി ജലമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പെരിയാറില്‍ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പന്‍കോവില്‍ വഴി വെളളം ഇടുക്കി ഡാമിലെത്തും. എന്‍ ഡി ആര്‍ എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും എം എല്‍ എയും അടക്കമുള്ളവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
റൂള്‍ കര്‍വ് പ്രകാരം 137.1 അടിയാണ് പരമാവധി സംഭരിക്കാന്‍ അനുമതിയുള്ള ജലനിരപ്പ്. ജലനിരപ്പ് 136 അടിയിലെത്തിയതിനെ തുടര്‍ന്നാണ് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കിയത്. അണക്കെട്ടില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 അടി വെള്ളം കൂടുതലാണ്. അധിക ജലം കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്നാട്. വൈഗ അണക്കെട്ട് നിറഞ്ഞതിനാല്‍ അതും തുറന്നുവിട്ടിരിക്കുകയാണ്.