അണക്കെട്ടുകള്‍ തുറന്നാല്‍ ഉടന്‍ പ്രളയമുണ്ടാകുമെന്ന് കരുതരുതെന്ന് റവന്യൂമന്ത്രി കെ.രാജന്‍. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറടക്കം പല അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമുണ്ടെന്നും എന്നാല്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ അനുഭവം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിയമപ്രകാരം മാത്രമാകും ഡാമുകള്‍ തുറക്കുക. ഒറ്റയടിക്കല്ല ഡാമില്‍നിന്നും വെള്ളം തുറന്ന് വിടുന്നത്. പടി പടിയായാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
534 ക്യുസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ആദ്യം തുറന്ന് വിടുക. 2 മണിക്കൂര്‍ കഴിഞ്ഞാല്‍ 1000 ക്യുസെക്സ് വെള്ളം തുറന്ന് വിടേണ്ടി വനേക്കാം. 1000 ക്യു സെക്സിന് മുകളില്‍ പോയാല്‍ കേരളവുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തുറക്കു എന്ന് തമിഴ്നാട് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാണെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, നദികളിലേയും പുഴകളിലേയും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഫ്ളഡ് ടൂറിസം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ജലാശയങ്ങളുടെ തീരത്ത് നിന്നുകൊണ്ട് സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പുഴയിലൂടെ ഒഴുകി വരുന്ന സാധനങ്ങള്‍ പിടിക്കുന്നതും സെല്‍ഫി എടുക്കുന്നതും അപകടകരമായ സാഹചര്യത്തില്‍ സാഹസികത കാണിക്കുന്നതും അനുവദിക്കരുതെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കരുത്, ആവശ്യമായ സാഹചര്യത്തില്‍ കേസെടുക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.