കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു പ്രമേയം അവതരിപ്പിച്ചത്.
രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി.
കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെഭാഗമായി കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.
കാശ്മീര്‍ താഴ്‌വരയില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മുന്‍ മുഖ്യമന്ത്രിമാരടക്കം പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്.
മുന്‍ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയെയുമാണ് വീട്ടുതടങ്കലിലാക്കിയത്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിനെയും വീട്ടു തടങ്കലിലാക്കിയിട്ടുണ്ട്. സിപിഎം എംഎല്‍എ തരിഗാമിയും വീട്ടുതടങ്കലിലാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം തന്നെ നിര്‍ത്തിവച്ചിട്ടുണ്ട്.