ബഷീർ കഥാപാത്രങ്ങൾ ഇപ്പോഴും നമ്മളിലൂടെ ജീവിക്കുന്നുവെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ബേപ്പൂർ വയലാലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. മനുഷ്യന്റെ ഭാഷയിൽ എഴുതിയ വ്യക്തിയാണ് ബഷീർ. പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവർക്ക് പോലും മനസ്സിലാകുംവിധം ഹൃദയസ്പർശിയാണ് അദ്ദേഹത്തിന്റെ എഴുത്ത് രീതിയെന്നും സ്പീക്കർ പറഞ്ഞു.
ബഷീർ എന്ന സാഹിത്യകാരനെ പ്രശസ്തനാക്കിയത് കഥാപാത്രങ്ങളാണ്. മനുഷ്യനെ പറ്റിയും മറ്റ് ജീവജാലങ്ങളെ കുറിച്ചും ആകുലപ്പെട്ട വ്യക്തിയായിരുന്നു ബഷീർ. സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യത്തിലെ സൂഫിവര്യനുമായിരുന്ന ബഷീർ ഒരു ഹരിത സാഹിത്യകാരൻ കൂടിയായിരുന്നുവെന്നും സ്പീക്കർ അനുസ്മരിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മയ്ക്കായുള്ള സാംസ്കാരിക നിലയത്തിന്റെ നിർമാണ പ്രവർത്തനം വേഗത്തിൽ നടന്നു വരികയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചതായും സ്പീക്കർ പറഞ്ഞു. പാത്തുമ്മയുടെ ആട്, മജീദ്, ഒറ്റക്കണ്ണൻ പോക്കർ തുടങ്ങി ബഷീറിന്റെ കഥാപാത്രങ്ങളായെത്തിയ കുട്ടികളോട് സ്പീക്കർ കുശലാന്വേഷണം നടത്തി.
എഴുത്തുകാരി കെ.പി സുധീര അധ്യക്ഷത വഹിച്ചു. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു. സാഹിത്യകാരൻ എം.എൻ കാരശ്ശേരി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീറിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ ചെലവഴിച്ച നിമിഷങ്ങളെ കാരശ്ശേരി അനുസ്‌മരിച്ചു. സാഹിത്യം പോലെ തന്നെ സംഗീതത്തെയും ഹൃദയത്തോട് ചേർത്ത ബഷീർ മലയാള ഭാഷയ്ക്ക് നിരവധി പദപ്രയോഗങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. ദേശബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം.
ജീവിത സത്യങ്ങൾ തന്റെ തൂലികയിലൂടെ എഴുത്തിന്റെ ലോകത്തിന് സമർപ്പിച്ച സാഹിത്യകാരനായിരുന്നു ബഷീർ എന്നും കാരശ്ശേരി അനുസ്‌മരിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിന ബഷീർ, മറ്റ് കുടുംബാംഗങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് മുഹമ്മദ് സ്വാഗതവും ചെറുമകൻ വസിം മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.