തങ്കം ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് പിഴവില്ലെന്ന് ഐഎംഎ. ഐശ്വര്യയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവ് മൂലമല്ലെന്നും അമിതമായ രക്തസ്രാവമുണ്ടാകുമ്പോള്‍ ചെയ്യേണ്ട ശാസ്ത്രീയമായ എല്ലാ ചികിത്സകളും നല്‍കിയിട്ടുണ്ടെന്നും ഐഎംഎ പാലക്കാട് പ്രസിഡന്റ് ഡോ. എന്‍.എം.അരുണ്‍ പറഞ്ഞു. ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്റ്റ് തന്നെയാണ് ഐശ്വര്യയെ നോക്കിയത്. ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടെന്നും ഡോ. എന്‍.എം.അരുണ്‍ പറഞ്ഞു.
അതേസമയം, ഐഎംഎയുടെ പ്രസ്താവനക്കെതിരെ കുടുംബം രംഗത്തെത്തി. ചികിത്സാ പിഴവല്ലെന്ന ഐഎംഎ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കുടുംബം വ്യക്തമാക്കി. ഐഎംഎ ഇത്തരത്തില്‍ നിലപാട് എടുത്തത് ഡോക്ടര്‍മാരെ സംരക്ഷിക്കാനാണെന്നും ഐശ്വര്യയുടെ കുടുംബം വ്യക്തമാക്കി.
അതേസമയം, അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം തുടങ്ങും. മരണത്തില്‍ ചികിത്സാ പിഴവുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഡിഎംഒ വ്യക്തമാക്കി.
പ്രസവത്തെതുടര്‍ന്ന് നവജാതശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. ചികിത്സാ പിഴവിന് ഇന്നലെ പൊലീസ് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രിയദര്‍ശിനി, നിള, അജിത് എന്നീ ഡോക്ടര്‍മാര്‍ക്കെതിരെയാണ് ചികിത്സാപിഴവിന് പൊലീസ് കേസെടുത്തത്. തങ്കം ആശുപത്രിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കും കേസെടുത്തു.