ഇ ശ്രീധരന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ഇ ശ്രീധരനെപ്പോലെ ഒരാള്‍ മുന്നില്‍ നിന്ന് നയിക്കണമെന്ന് പൊതുസമൂഹം ആഗ്രഹിക്കുന്നു. ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അങ്ങനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്.
മെട്രോമാന് ഇ ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിനും സിപിഎമ്മിനും വെപ്രാളമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. കേരളം ഇ ശ്രീധരനെപ്പോലെ ഒരാളെ ആഗ്രഹിക്കുന്നു. അത് യാഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യും. കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാകും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും കെ സുരേന്ദ്രന് പറഞ്ഞു. വിജയയാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍.

