ബെംഗളൂർ: ഫെബ്രുവരി 20 വരെ ബെംഗളൂരുവിൽ ഇറച്ചി കടകൾ അടച്ചിടാൻ ഉത്തരവ്. കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ യെലഹങ്കയിലാണ് ഇറച്ചി കടകൾ അടച്ചിടാൻ ഉത്തരവ് ലഭിച്ചത്. ഫെബ്രുവരി 13 മുതൽ 17 വരെ വായുസേന നടത്തുന്ന എയ്റോ ഇന്ത്യ ഷോയ്ക്ക് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയാണ് ഈ നിരോധനം.ഇറച്ചി, കോഴി, മത്സ്യം എന്നിവ വിൽക്കുന്ന കടകൾ തുറക്കില്ല. വായുവിൽ പക്ഷികളുടെ പ്രവർത്തനം കുറയ്ക്കുന്നതിന് വേണ്ടി മാലിന്യ നിർമാർജ്ജന നടപടികളും ആരംഭിച്ചിട്ടുണ്ട്. യെലഹങ്കയിലെ സ്റ്റേഷൻ എയ്റോസ്പേസ് സേഫ്റ്റി ആൻഡ് ഇൻസ്പെക്ഷൻ ഓഫീസർ എയർഫോഴ്സ് സ്റ്റേഷനിലെ 10 കിലോമീറ്റർ ചുറ്റളവിൽ ഇറച്ചികടകൾ അടച്ചിടണം എന്ന് ആവശ്യപ്പെട്ട് ബിബിഎംപി ജോയിന്റ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഫെബ്രുവരി 20 വരെ ഇറച്ചി കടകൾ അടച്ചിടാൻ ഉത്തരവ് നൽകിയത്. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിന് നിരോധനം ഇല്ലാ എന്നും ഉത്തരവിൽ പറയുന്നുണ്ട്. എയർഫോഴ്സ് ബേസ് യെലഹങ്ക ഫെബ്രുവരി 13 മുതൽ 17 വരെയാണ് എയ്റോ ഇന്ത്യക്ക് ആതിഥേയത്വം വഹിക്കുക.

