മുഖ്യമന്ത്രിക്കെതിരായി എം. പി കെ. സുധാകരന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തന്റെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചതാണെന്നും സുധാകരന്‍ അത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞു.
‘ഇന്നലെ പത്ര ലേഖകരുടെ ചോദ്യത്തിന് മറുപടിയായി ഞാന്‍ ഒരു പൊതു പ്രസ്താവന നടത്തിയതാണ്. ഈ വിവാദം ഇവിടെ തീരണം. സുധാകരന്‍ എത്രയോ വര്‍ഷമായി രാഷ്ട്രീയത്തിലുള്ള ഒരു നേതാവാണ്. അദ്ദേഹം നല്ല അനുയായി വൃന്തമുള്ള നേതാവാണ്. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്ക് അങ്ങനൊരു അഭിപ്രായവുമില്ല,’ രമേശ് ചെന്നിത്തല പറഞ്ഞു.ഇന്നലെ താന്‍ പറഞ്ഞത് മറ്റൊരു തരത്തില്‍ ചിത്രീകരിച്ചതാണ്. സുധാകരനോട് ഞാന്‍ തന്നെ ഫോണില്‍ സംസാരിച്ച് അദ്ദേഹം തന്നോട് വളരെ വ്യക്തമായി ഇക്കാര്യം പറഞ്ഞതാണ്. സുധാകരന്‍ അങ്ങനെ ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്ന നേതാവാണെന്ന് ഒരിക്കലും കരുതുന്നില്ല. അദ്ദേഹം അങ്ങനെയൊന്നും ചെയ്തിട്ടില്ല. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ കൊടുക്കുന്നത് ശരിയല്ല എന്നും ചെന്നിത്തല പറഞ്ഞു.സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം ചെന്നിത്തല അഭിപ്രായപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ സുധാകരന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം കെ സുധാകരന്റെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം ചെന്നിത്തല പ്രതികരിച്ചത്. ഇതിനെതിരെ സുധാകരന്‍ രംഗത്തു വന്നിരുന്നു. ചെന്നിത്തല വാക്ക് മാറ്റിയെന്ന് സുധാകരന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നാണ് ചെന്നിത്തല ഇന്നലെ പറഞ്ഞത്. ഇന്ന് വാക്ക് മാറ്റിയത് എന്തിനെന്ന് ചെന്നിത്തല പറയണം. ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം ന്യായീകരിക്കുന്നതാണ് രമേശിന്റെ പരാമര്‍ശം. എന്നെ പരസ്യമായി വിമര്‍ശിക്കാന്‍ ഷാനിമോള്‍ കെപിസിസി പ്രസിഡന്റാണോയെന്നും സുധാകരന്‍ ചോദിച്ചു.

