പന്തളം രാജകുടുംബം ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണങ്ങള്‍ കൈവശം വെക്കുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതി. ആഭരണങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ പിന്നെ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി പറഞ്ഞു. തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് വിശദമാക്കണമെന്ന് ജസ്റ്റിസ് എന്‍വി രമണ ആവശ്യപ്പെട്ടു.
തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിന് കൈമാറാനോ, പരിപാലനത്തിന് പ്രത്യേക ഓഫീസറെ നിയമിക്കാനോ വേണ്ടിയുള്ള നിര്‍ദേശം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. രാജകുടുംബത്തിന്റെ ഒരു വിഭാഗം തിരുവാഭരണത്തില് അവകാശവാദം ഉന്നയിക്കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്കി. തിരുവാഭരണത്തിന്റെ കാര്യത്തില്‍ രാജ കുടുംബത്തിലെ രണ്ട് വിഭാഗങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി വിമര്‍ശിച്ചു.
തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ കോടതിയെ അറിയിച്ചു. തിരുവാഭരണത്തിന്റെ കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും കോടതി ആവശ്യപ്പെട്ടു.