കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയില്‍ പി. ജയരാജന്‍ സമര്‍പ്പിച്ച ഹരജി തള്ളി. കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. പി. ജയരാജനെതിരെ സി.ബി.ഐ ആണ് യു.എ.പി.എ ചുമത്തിയത്. കേസിലെ മുഖ്യ ആസൂത്രകന്‍ പി. ജയരാജനാണെന്നാണ് സി.ബി.ഐ വാദം.
നേരത്തെ യു.എ.പി.എ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി. ജയരാജന്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അന്നും കോടതി ഹരജി തള്ളിയിരുന്നു. ഇതിനെതിരെയാണ് പി.ജയരാജന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ ഡിവിഷന്‍ ബെഞ്ചും ഹരജി തള്ളുകയാണുണ്ടായത്.
സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ നടന്ന ഒരു കുറ്റകൃത്യമാണ്. യു.എ.പി.എ ചുമത്താനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സി.ബി.ഐ കേന്ദ്രത്തിന്റെ അനുമതി മാത്രമാണ് വാങ്ങിയിട്ടുള്ളത്. അതിനാല്‍ യു.എ.പി.എ ചുമത്തിയ നടപടി നിയമപരമായി ശരിയല്ല എന്നായിരുന്നു ജയരാജന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ആര്‍.എസ്.എസ് കണ്ണൂര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് 2014 സെപ്തംബര്‍ ഒന്നിനാണ് കൊല്ലപ്പെടുന്നത്. 1999ല്‍ പി.ജയരാജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മനോജും പ്രതിയായിരുന്നു. എന്നാല്‍ 2009ല്‍ മനോജിനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.