ആലപ്പുഴ ജില്ലയില്‍ രണ്ടിടത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതികളുടെ ആക്രമണം. കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിജേഷ്, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സജേശ് സദാനന്ദന് എന്നിവര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്. ഇരുവരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തിലെ ഒരു പ്രതിയായ ലിനോജിനെ പൊലീസ് പിടികൂടി. മറ്റൊരു പ്രതിയായ കപില്‍ ഷാജിക്കായുള്ള അന്വേഷണം ഊര്‍ജിതമാണ്.
രണ്ടിങ്ങളിലായി ഇന്നലെ രാത്രിയോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ജേഷ്ഠാനുജന്മാര് തമ്മിലുള്ള അടിപിടി അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ വിജേഷിന് കുത്തേറ്റത്. സംഭവത്തില്‍ പ്രതികളായ ഗോഡ്വിന്, ഗോഡ്സണ്‍ എന്നീ സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിജേഷിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വധ ശ്രമം അറിഞ്ഞ് പ്രതിയെ പിടികൂടാന്‍ എത്തിയപ്പോഴാണ് സൗത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സജീഷ് സദാനന്ദന് വെട്ടേറ്റത്. ഇന്നലെ രാത്രി വലിയ ചുടുകാടിലാണ് സംഭവം. ലിനോജ്, കപില്‍ ഷാജി എന്നിവര്‍ ചേര്‍ന്നാണ് സജീഷിനെ ആക്രമിച്ചത്. ശരീരത്തില്‍ 24 ഓളം വെട്ടുകളേറ്റ സജീഷിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം.