ആലത്തൂരില്‍ നിന്നും മൂന്ന് മാസം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യ കൃഷ്ണനെ കാണാതായത്. ആലത്തൂരിലെ വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി ആലത്തൂര്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒരു ബാഗില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈല്‍ ഫോണോ എ.ടി.എം. കാര്‍ഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല. ഇതിനിടെ, വീടിന് സമീപത്തെ വഴിയിലൂടെ പെണ്‍കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യവും ലഭിച്ചിരുന്നു.
പാലക്കാട് മേഴ്‌സി കോളജ് ബിഎ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് സൂര്യ. വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി കള്ളപ്പേരില്‍ കോയമ്പത്തൂരിലേക്ക് ട്രെയിനില്‍ പോയതായാണ് തുടക്കത്തിൽ പൊലീസിന് വിവരം ലഭിച്ചത്.
മൊബൈല്‍ഫോണ്‍ ഒന്നും എടുക്കാതെ പെണ്‍കുട്ടി നാടുവിട്ടത് അന്വേഷണസംഘത്തെ ഏറെ ബുദ്ധിമുട്ടിച്ചു . സമൂഹമാധ്യമത്തില്‍ വീണ്ടും അക്കൗണ്ട് ആരംഭിക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസിനു വിവരം ലഭിച്ചത്.

