പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കരവാളൂർ മാവിളയിൽ കെ.എസ്.ആർ.ടി.സി. ബസ്സിന് കല്ലെറിഞ്ഞ സംഭവത്തിൽ സ്വകാര്യ ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി(25)പിടിയിൽ.ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ ഹർത്താൽ ദിനത്തിൽ പുനലൂർ സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും പിടിയിലായി.ഇവർ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കല്ലേറിൽ ബസ്സിന്റെയും ലോറിയുടെയും മുന്നിലെ ചില്ലുതകരുകയും ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി പി.രാഗേഷി(47)ന് കണ്ണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.80ഓളം സി.സി.ടി.വി.ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കല്ലേറിൽ കെ.എസ്.ആർ.ടി.സിക്ക് മൂന്നുലക്ഷത്തിന്റെയും ലോറികൾക്ക് ഒന്നരലക്ഷത്തിന്റെയും നഷ്ടമുണ്ടായതായാണ് വിവരം.ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ കൊട്ടാരക്കരയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ശേഷമാണ് രണ്ട് ബൈക്കുകളിലായി പുനലൂരിലെത്തിയ ഇവര്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.