സിപിഐയിലെ വിഭാഗീയത മാധ്യമ വ്യാഖ്യാനം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നേതാക്കൾ സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിനെ വിഭാഗീയതയായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. തനിക്കെതിരെ മത്സരിക്കുമെന്ന് സി ദിവകാരൻ പറഞ്ഞിട്ടില്ല. പ്രായപരിധി കാരണം ഒഴിവാക്കിയ നേതാക്കളെ വഴിയിലിറക്കി വിടില്ലെന്നും പോഷക സംഘടനകളിലും പാർട്ടി സ്ഥാപനങ്ങളിലും അവസരം നൽകി നേതാക്കളെ കൂടെ ചേർക്കുമെന്നും കാനം രാജേന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.
അഭിപ്രായങ്ങൾ പറഞ്ഞതിനുശേഷം പാർട്ടി ഒരു പൊതുനിലപാടിലെത്തിയാൽ നേതാക്കളെല്ലാം ആ പൊതുനിലപാടിനൊപ്പം നിൽക്കുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സി ദിവാകരനും കെ ഇ ഇസ്മയിലും സമ്മേളനത്തിന് തൊട്ടുമുൻപായി മാധ്യമങ്ങളിലൂടെ തന്നെ നടത്തിയ പരസ്യ പ്രതികരണങ്ങൾ വിഭാഗീയതയുണ്ടെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാൽ കാനത്തിനെതിരെ മത്സരിക്കും എന്ന് പരസ്യമായി അവരാരും തന്നെ പറഞ്ഞിരുന്നില്ല. അതെല്ലാം മാധ്യമങ്ങൾ നൽകിയ വ്യാഖ്യാനമാണ്. യുവത്വമുള്ള ഒരു പാർട്ടിയാക്കി മാറ്റാൻ വേണ്ടിയിട്ടുള്ള ഞങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമായിരുന്നു പ്രായപരിധി നടപ്പിലാക്കിയത്. ഇത് നാളെ തനിക്കും ബാധകമാണെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
എഴുപത്തിയഞ്ച് വയസ്സായി എന്നുള്ളതുകൊണ്ട് ഒരു നേതാവിനേയും വഴിയിൽ ഇറക്കി വിടില്ല. അവർക്ക് അവരുടേതായിട്ടുള്ള അർഹിക്കുന്ന പരിഗണനയും ബഹുമാനവും പാർട്ടി എല്ലാ കാലത്തും കൊടുക്കും. ഞങ്ങൾക്ക് നിരവധി പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും എല്ലാം ഉണ്ട്. അതിന്റെയൊക്കെ തലപ്പത്തേക്ക് പ്രവർത്തി പരിചയമുള്ള ഈ നേതാക്കൾ വരും. കാനം രാജേന്ദ്രൻ പറഞ്ഞു.