കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ പ്രതികളെ ഗുജറാത്ത് പൊലീസ് പിടികൂടി.ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധസ്ക്വാഡും ചേർന്ന് പിടികൂടിയത്. ജാൻകുല, സാക്ഷ, ഡാനിയൽ, പൗലോ എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ ചോദ്യം ചെയ്യാനായി മെട്രോ പൊലീസ് അഹമ്മദാബാദിലേക്ക് തിരിച്ചു. ഇവരെ ചോദ്യം ചെയ്ത ശേഷം വ്യക്തത വരുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു. റെയിൽവേ ഗൂൺസ് എന്ന ഗ്രൂപ്പാണ് അഹമ്മദാബാദിൽ അറസ്റ്റിലായത്. അഹമ്മദാബാദ് മെട്രോ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾ ക്ക് മുൻപാണ് ഇവർ സ്പ്രേ പെയിന്റ് കൊണ്ട് ഗ്രാഫിറ്റി ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നാലുപേർ ചേർന്നാണ് ഗ്രാഫിറ്റി ചെയ്തതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാലിയൻ പൗരന്മാരെ പിടികൂടിയത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തിയ ശേഷം വിവിധയിടങ്ങളിലായി കറങ്ങി നടക്കുകയായിരുന്നു.മേയിൽ കൊച്ചി മെട്രൊയിലെ 4 കോച്ചുകളിൽ സ്പ്ലാഷ്, ബേൺ എന്നീ വാക്കുകൾ പെയിന്റ് ചെയ്തത് ഇവരാണെന്നാണ് പൊലീസ് വിലയിരുത്തൽ. കൊച്ചി മെട്രൊയുടെ അതിസുരക്ഷാ മേഖലയായ മുട്ടം യാഡിലായിരുന്നു ഗ്രാഫീറ്റി ചെയ്തത്.അതിക്രമിച്ചു കടക്കൽ, പൊതുമുതൽ വികൃതമാക്കൽ തുടങ്ങിയവയ്ക്കാണ് കേസെടുത്തത്.
മെട്രോ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്ത കേസ്; 4 ഇറ്റാലിയൻ പൗരന്മാരെ ഗുജറാത്ത് പൊലീസ് പിടികൂടി,കൊച്ചി പോലീസും അഹമ്മദാബാദിലേക്ക്
