ഫാരിസ് അബൂബക്കര്‍ മുഖ്യമന്ത്രിയുടെ മെന്റര്‍ ആണെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. കേരളത്തിന്റെ നിഴല്‍ മുഖ്യമന്ത്രിയാണ് ഫാരിസ് അബൂബക്കര്‍. ആറു വര്‍ഷമായി പിണറായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നു എന്നേ ഉള്ളൂ. നിയന്ത്രണം ഫാരിസിനാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, നിഗൂഢതകളുടെ കൂമ്പാരമാണ് വീണ വിജയന്റെ സ്ഥാപനം. വീണ വിജയന്‍ ആദ്യം ജോലി ചെയ്ത സ്ഥാപനം അവര്‍ക്കതിരെ നിയമനടപടി സ്വീകരിക്കുന്നുവെന്ന് കേള്‍ക്കുന്നുണ്ടെന്നും പി സി ജോര്‍ജ് ചൂണ്ടികാട്ടി.
പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്
‘തന്റെ ആരോപണങ്ങള്‍ക്ക് സിപിഎമ്മിന് മറുപടിയില്ല. മുഖ്യമന്ത്രി രാജിവച്ച് നിയമനടപടി നേരിടണം. അതാണ് മറുപടി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരുന്നത് അധാര്‍മികമാണ്. എകെജി സെന്റര്‍ ആക്രമണത്തിനു പിന്നാലെ കലാപ ആഹ്വാനം നടത്തിയെന്ന പരാതിയില്‍ ഇ.പി.ജയരാജന് എതിരെ കേസ് എടുക്കണമെന്ന്് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നു പി.സി.ജോര്‍ജ് പറഞ്ഞു. തനിക്ക് എതിരെ കലാപാഹ്വാന കേസ് എടുത്ത പൊലീസ് എന്തു നടപടി എടുക്കുമെന്ന് അറിയണം. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞ കാര്യങ്ങളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയുകയാണ് ചെയ്തത്. അതിനാണ് കലാപാഹ്വാനത്തിന് കേസ് എടുത്തത്. എന്നാല്‍ എകെജി സെന്റര്‍ ആക്രമണ കേസില്‍ കോണ്‍ഗ്രസിന് എതിരായ ഇ.പി.ജയരാജന്റെ പ്രസ്താവന നാടു നീളെ കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കാന്‍ കാരണമായി അതിന് എതിരെ കേസ് എടുക്കണം.
പിണറായിയുടെ മകളുടെ കമ്പനി ബെംഗളൂരുവില്‍ സ്ഥാപിക്കാതെ കേരളത്തില്‍ സ്ഥാപിച്ചാല്‍ നന്നായിരുന്നു. വീണ നേരത്തെ ജോലി ചെയ്തിരുന്ന ഒറാക്കിള്‍ കമ്പനി അവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ ആറുവര്‍ഷമായി മുഖ്യമന്ത്രിയുടെ നിഴലും മാര്‍ഗദര്‍ശിയുമാണ് ഫാരിസ് അബൂബക്കര്‍. പിണറായിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണത്തിന്റെ തലേന്നും ഫാരിസ് അബൂബക്കര്‍ വീട്ടിലെത്തിയിരുന്നു. ഫാരിസ് അബൂബക്കര്‍ നിഴല്‍ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. 2009ല്‍ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറില്‍ നിന്ന് പിടിച്ചെടുത്തത് ഫാരിസിന്റെ നിര്‍ദേശപ്രകാരമാണ്. അന്ന് അവിടെ മത്സരിച്ചത് മുഹമ്മദ് റിയാസാണ്. പെയ്‌മെന്റ് സീറ്റ് എന്ന് അന്നേ ആരോപണമുണ്ടായിരുന്നു.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായി വന്നപ്പോഴാണ് മുടങ്ങിക്കിടന്ന എല്ലാ വൈദ്യുതി പദ്ധതികളും പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തെ നിയമസഭയില്‍ ഉള്‍പ്പെടെ ഞാന്‍ അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ അദ്ദേഹം അഴിമതി നടത്തിയിട്ടുണ്ട്.
സരിതയുടെ ഓഡിയോ ക്ലിപ്പ് ക്രൈം ബ്രാഞ്ചിന്റെ സൃഷ്ടിയാണ്. അതിനകത്ത് ഉള്ളത് എന്റെ ശബ്ദമല്ല. അതൊക്കെ ഞാന്‍ കോടതിയില്‍ തെളിയിച്ചോളാം. അതുകേട്ടാല്‍ ഇംഗ്ലിഷ് സിനിമ പോലെയുണ്ട്. വിശദമായി വീണ്ടും മാധ്യമങ്ങളെ കാണാനെത്തും.’
ഉമ്മന്‍ ചാണ്ടിക്ക് എതിരെ ആരോപണം ഉന്നയിച്ചത് സോളര്‍ കേസിലെ പരാതിക്കാരി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ സെക്രട്ടേറിയറ്റില്‍ വച്ചു ഉമ്മന്‍ ചാണ്ടിയേയും പരാതിക്കാരിയെയും കണ്ടു എന്നു പറഞ്ഞത് ക്ലിഫ് ഹൗസില്‍ വച്ചു കണ്ടു എന്നാക്കണമെന്നു പരാതിക്കാരി തന്നോടു പറഞ്ഞു. അതു സമ്മതിച്ചില്ല. ഇക്കാര്യം സിബിഐ ചോദിച്ചപ്പോള്‍ അറിയിച്ചിട്ടുണ്ട്- പിസി ജോര്‍ജ്ജ് പറഞ്ഞു. –
പി സി ജോര്‍ജിനെതിരെ സോളാര്‍ കേസിലെ പ്രതി നല്‍കിയ പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യം ലഭിച്ചയുടനെ അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് പി സി ജോര്‍ജ് ആരോപിച്ചിരുന്നു. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് തന്റെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞിരുന്നു.