സംസ്ഥാനത്ത് സ്‌കൂളുകളിലേതിന് സമാനമായി സൗജന്യ ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാര്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാന്റീന്‍ വഴി സൗജന്യമായി ഉച്ചഭക്ഷണം നല്‍കിയേക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികളെ നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്താനാണ് നീക്കം.
30 കിലോമീറ്ററിലേറെ ദൂരത്ത് നിന്ന് വരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍, 30 കിലോമീറ്ററിലേറെ ദൂരെ നിന്ന് വരുന്ന കടുത്ത രോഗബാധിതര്‍, മാതാപിതാക്കള്‍ മരിച്ചവര്‍, രക്ഷിതാവ് രോഗം ബാധിച്ച് കിടപ്പിലായിട്ടുള്ളവര്‍ എന്നിവര്‍ക്കാണ് സൗജന്യമായി ഉച്ചഭക്ഷണം നല്‍കിയേക്കുക.
മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബശ്രീ നിശ്ചയിക്കുന്ന നിരക്ക് നല്‍കി ഉച്ചഭക്ഷണം കഴിക്കാം. സൗജന്യ ഭക്ഷണവും സബ്‌സിഡിയും നല്‍കുന്നതിനായി ഒരു കോളേജിന് മാസം അഞ്ച് ലക്ഷം രൂപ വരെ പരമാവധി അനുവദിക്കും.
കാമ്പസില്‍ കൃഷി നടത്തുന്നതിനും കൃഷിപ്പണിയിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറില്‍ 100 രൂപ വീതം പ്രതിഫലം നല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി സര്‍ക്കാര്‍ വക കോളേജുകള്‍ക്ക് പതിനായിരം രൂപ വീതം അനുവദിച്ചു.