ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ 36 പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ മൂന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിന്റെ ദ്യശ്യങ്ങളിലുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗുണ്ടാ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് കമ്മീഷ്ണര്‍ വിജയ് സിംഗ് മീണ പറഞ്ഞു. സംഘര്‍ഷം അസൂത്രണം ചെയ്തവരുടെ വസ്തുക്കള്‍ കണ്ടുകെട്ടുകയും പൊളിച്ചു കളയുകയും ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
മുസ്ലീം പ്രവാചകനെ ബിജെപി വക്താവ് നുപൂര്‍ ശര്‍മ അപമാനിച്ചത് ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നൂപുര്‍ ശര്‍മ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയില്‍ കടകള്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
തെരുവില്‍ ഏറ്റുമുട്ടിയ ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. പൊലീസിന് നേരെയും കല്ലേറുണ്ടായി. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. അക്രമങ്ങളില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു.