കുന്ദമംഗലം :വീടുകളിൽ ഓൺ ലൈൻ പഠനത്തിന് സൗകര്യമില്ലാത്തവർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കുന്നതിന് പെരുവയൽ ഗ്രാമപഞ്ചായത്ത് രൂപമുണ്ടാക്കി. ജനപ്രതിനിധികളുടെയും പഞ്ചായത്തിലെ 12 സ്കൂളുകളിലെ പ്രധാനാധ്യാപകരുടെയും പി.ടി.എ പ്രസിഡണ്ടുമാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. 110 വിദ്യാർത്ഥികള്ക്കാണ് ഓൺ ലൈൻ സൗകര്യം ലഭിക്കാത്തതായി കണ്ടെത്തിയത്. എന്നാൽ ഇവരെല്ലാം മറ്റു മാർഗ്ഗങ്ങളിലൂടെ ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ട്.
ഇതിൽ 58 പേർ ഗ്രാമപഞ്ചായത്തിന് അകത്തുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്നവരാണ്. 52 പേർ പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്നവരും. ഗ്രാമപഞ്ചായത്തിന് അകത്തുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ സൗകര്യം ലഭിക്കാത്തവർക്ക് സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ സാധ്യതകൾ ആരായും. പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പഞ്ചായത്ത് നേതൃത്വത്തിൽ വാർഡ് തലങ്ങളിൽ പ്രത്യേക കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും. പുറത്തുള്ള വിദ്യാർത്ഥികളുടെ വിഷയം അതത് വാർഡ് മെമ്പർമാർ നേരിട്ട് പരിശോധിച്ച് സൗകര്യം ഉറപ്പാക്കും. ലിസ്റ്റിന് പുറത്ത് അസൗകര്യമുള്ളവരുണ്ടോ എന്ന് കുടുംബശ്രീ വഴി പരിശോധന നടത്തുന്നതിനും തീരുമാനമായി.
ഓൺ ലൈൻ പഠനം കുട്ടികൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നത് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട അധ്യാപകർ ഫോണിലൂടെ കുട്ടികളെയും രക്ഷിതാക്കളെയും ബന്ധപ്പെടണം. ഇത് പി.ടി.എ അവലോകനം നടത്തി ആവശ്യമായ ഇടപെടൽ നടത്തുന്നതിനും തീരുമാനിച്ചു.
പ്രസിഡണ്ട് വൈ.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കുന്നുമ്മൽ ജുമൈല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ.ഷറഫുദ്ദീൻ , സുബിത തോട്ടാഞ്ചേരി, ടി.എം.ചന്ദ്രശേഖരൻ, പ്രസംഗിച്ചു.