കണ്ണൂര്‍: തമിഴ്‌നാട്ടില്‍ കാമുകിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശിയായ യുവാവിനെയും ഗര്‍ഭിണിയായ ഭാര്യയേയും പിടികൂടിയത് നിരവധി സിസിടിവികളുടെ സഹായത്തോടെയെന്ന് അന്വേഷണ സംഘം.
പാലക്കാട് മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിനിടയില്‍ കണ്ണൂര്‍ മുഴപ്പിലങ്ങാടുള്ള സ്ഥാപനത്തിനു മുന്നിലൂടെ കടന്നു പോയ ദൃശ്യവും ലഭിച്ചു. ഇതോടെയാണ് ഇരുവരും കണ്ണൂരിലേക്ക് കടന്നതായി മനസിലാക്കിയത്.
പിന്നീട് കണ്ണൂര്‍ എ സി പിക്ക് രഹസ്യ വിവരം കൈമാറുകയായിരുന്നു. പ്രതികള്‍ താമസിച്ച ലോഡ്ജ് മനസിലാക്കിയ പോലീസ് സംഘം പുലര്‍ച്ചെ രണ്ടോടെ പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.
തമിഴ്നാട് പൊള്ളാച്ചി മഹാലിംഗപുരം സ്വദേശി സുജയ് (32), ഭാര്യ മലയാളിയായ കോട്ടയം സ്വദേശിനി രേഷ്മ (25) എന്നിവരെയാണ് കണ്ണൂര്‍ എ സി പി ടി കെ രത്‌നകുമാറിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ടൗണ്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി ബിനു മോഹന്‍, തമിഴ്‌നാട് ക്രൈം സ്‌ക്വാഡ് പോലീസ് സംഘത്തിലെ എസ്.ഐ. നാഗരാജ് എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂരിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടിയത്.

