സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം തയ്യാറായതായി അറിയിച്ച് എന്‍ഐഎ. ഈമാസം ആറിനോ ഏഴിനോ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണ സംഘത്തിന് അതിനുള്ള അനുമതി എന്‍ഐഎ ആസ്ഥാനത്തുനിന്നും ലഭിച്ചു. കേസില്‍ നിലവിലുള്ള പ്രതികള്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായി. ദൃശ്യങ്ങള്‍, ശബ്ദരേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്നും കേസില്‍ ഭീകരവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേസില്‍ തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതിനാല്‍, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തെന്ന കുറ്റമാകും പ്രതികള്‍ക്കെതിരെ ചുമത്തുക. തുടര്‍ച്ചയായി 100 കോടിയിലധികം രൂപയുടെ സ്വര്‍ണക്കടത്ത് നടന്നിട്ടുള്ളതിനാല്‍ കുറ്റം നിലനില്‍ക്കുമെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. അതേസമയം, പ്രതികള്‍ക്കെതിരെ യുഎപിഎ 15ാം വകുപ്പ് നിലനില്‍ക്കുമോയെന്നത് ഏറെ നിര്‍ണായകമാണ്. വകുപ്പ് നിലനില്‍ക്കില്ലെന്ന് കോടതി കണ്ടെത്തിയാല്‍ പ്രതികള്‍ക്ക് ജാമ്യത്തിനുള്ള സാധ്യത തെളിയും.