കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ മായയുടെയും ബന്ധുക്കളുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ കായംകുളം പൊലീസാണ് കേസെടുത്തത്. ബന്ധുക്കള്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുക.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അനില്‍ പനച്ചൂരാന്റെ അന്ത്യം. രാവിലെ ബോധരഹിതനായി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹം കോവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം.
പെട്ടെന്നുള്ള മരണത്തില്‍ ബന്ധുക്കള്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടിയപ്പോള്‍ ആശുപത്രി അധികൃതരാണ് പോസ്റ്റുമോര്‍ട്ടത്തിന് നിര്‍ദേശിച്ചത്. കോവിഡ് ബാധിച്ചതായി കഴിഞ്ഞ ദിവസം രാവിലെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുംതന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിലാണ് അദ്ദേഹത്തിന്റെ ജനനം. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ: മായ. മൈത്രേയി, അരുള്‍ എന്നിവരാണ് മക്കള്‍.