വയനാട് കമ്പളക്കാട്ട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. കമ്പളക്കാട് വണ്ടിയാമ്പറ്റ പൂളക്കൊല്ലി കോളനിയിലെ ചന്ദ്രന്, ലിനീഷ് എന്നിവരാണ് കമ്പളക്കാട് പൊലീസിന്റെ പിടിയിലായത്. കാട്ടുപന്നിയെന്ന് കരുതിയാണ് വെടി വെച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.കമ്പളക്കാട്ടെ വണ്ടിയാമ്പറ്റയിലുള്ള നെല്വയലിന് കാവലിരുന്ന കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ് ഗുരുതരമായി പരിക്കേറ്റു. ജയനടക്കം നാല് പേരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്.കോട്ടത്തറയില്‍ നിന്ന് വണ്ടിയാമ്പറ്റയിലെത്തി ഇവരുടെ ഉടമസ്ഥതയിലുള്ള നെല്വയലിന് കാവലിരിക്കാന്‍ എത്തിയതായിരുന്നു നാലംഗ സംഘം. കാട്ടുപന്നിയെ വേട്ടയാടാൻ ഇറങ്ങിയവര്‍ പന്നിയാണെന്ന് കരുതിയാണ് വെടിവെച്ചത്.
മരിച്ച ജയന്റെ മൃതദേഹത്തില്‍ നിന്നും പരിക്കേറ്റ ശരത്തിന്റെ ദേഹത്ത് നിന്നും ഓരോ വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. ജയന് വെടിയേറ്റത് ദൂരെ നിന്ന് ആണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
വെടിയൊച്ച കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തിയിരുന്നു. പരിസരത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

