കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംഘടനാ ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ എൻഐഎ കസ്റ്റഡിയിൽ. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് നടപടി. സംഘടന ജനറൽ സെക്രട്ടറി എന്ന നിലയിൽ എ അബ്ദുൽ സത്താറിനെ ചോദ്യം ചെയ്യണമെന്ന് എൻഐഎ കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. വിദേശ ഫണ്ടിങ്, ഭീകര റിക്രൂട്ട്‌മെന്റ്, സ്വത്തുക്കൾ വാങ്ങിക്കൂട്ടൽ എന്നിവയിൽ വിശദമായ അന്വേഷണം വേണമെന്നും എൻഐഎ ആവശ്യമുന്നയിച്ചിരുന്നു.
ഏഴ് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ച് ദിവസത്തേക്ക് നൽകുകയായിരുന്നു. അബ്ദുൽ സത്താറിനെ സെപ്തംബർ 20 വരെ കോടതി റിമാൻഡ് ചെയ്തിരുന്നു. കേരളത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് അബ്ദുൽ സത്താർ. വെള്ളിയാഴ്ചയാണ് ഇയാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് എൻഐഎ അപേക്ഷ സമർപ്പിച്ചത്. രാജ്യവ്യാപകമായി നടന്ന റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിനേയും അതുമായി ബന്ധപ്പെട്ട മറ്റ് സംഘടനകളേയും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. കേരളത്തിൽ വിവിധ ജില്ലകളിലുളള പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ പൊലീസ് സീൽ ചെയ്ത് പൂട്ടി. മലപ്പുറം, വയനാട് ജില്ലകളിൽ പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്തു.