ആലപ്പുഴ: ചങ്ങനാശേരിയിലെ ‘ദൃശ്യം മോഡൽ’ കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് അറസ്റ്റിലായ മുത്തുകുമാറിന്റെ മൊഴി. ബിജെപി പ്രാദേശിക നേതാവ് ആലപ്പുഴ സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തിയത് താനല്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരാണ് ബിന്ദുമോനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്ന് മുത്തുകുമാർ മൊഴി നൽകി. ഭീഷണിപ്പെടുത്തിയപ്പോൾ മൃതദേഹം കുഴിച്ചുമൂടാൻ കൂട്ടുനിൽക്കുകയായിരുന്നുവെന്നും പാതിരപ്പളളി സ്വദേശിയായ മുത്തുകുമാർ പൊലീസിനോട് പറഞ്ഞു.
സെപ്തംബർ 26ന് ബിബിൻ, ബിനോയ് എന്നിവർ മദ്യപിക്കാനായി ബിന്ദുമോനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. രണ്ട് താറാവ് കറിയും ചപ്പാത്തിയും വാങ്ങി ഒപ്പം കഴിച്ചു. മദ്യപിക്കുന്നതിനിടെ ഫോൺ വന്നതിനെത്തുടർന്ന് താൻ പുറത്തേക്കിറങ്ങിയപ്പോഴാണ് കൊല നടന്നത്. തിരികെ വന്നപ്പോൾ ഇരുവരുടേയും മർദ്ദനമേറ്റ് ബിന്ദുമോൻ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് മുത്തുകുമാർ പറഞ്ഞു. കൊലപാതകത്തിന് ശേഷം അയൽവീട്ടിൽ നിന്നും തൂമ്പയും കമ്പിപ്പാരയും വാങ്ങി വരാൻ അവർ ഭീഷണിപ്പെടുത്തി. പിന്നീട് അടുക്കളയ്ക്ക് പിന്നിലെ ഷെഡ്ഡിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തുവെന്നും മുത്തുകുമാർ പറഞ്ഞു. ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തെ തോട്ടിൽ ഒളിപ്പിച്ചതും അവരാണെന്ന് മുത്തുകുമാർ പൊലീസിനോട് പറഞ്ഞു.
അതേസമയം സംഭവ ദിവസം മുത്തുകുമാർ വീട്ടിൽ നിന്ന് മക്കളെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത് ബിന്ദുകുമാറിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകമണെന്ന് സംശയിപ്പിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിബിനും ബിനോയിയും കഞ്ചാവ് കേസിലടക്കം പ്രതികളാണ്. പ്രതി പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകുന്നത്. മറ്റ് രണ്ടുപേർക്കൊപ്പം ചോദ്യം ചെയ്താലേ വ്യക്തത വരൂവെന്ന് ചങ്ങനാശേരി ഡിവൈഎസ്പി സി ജി സുനിൽകുമാർ വ്യക്തമാക്കി. കുറ്റകൃത്യത്തിൽ ഏർപ്പെട്ടൂവെന്ന് സംശയിക്കുന്ന കോട്ടയം, വാകത്താനം സ്വദേശികളായ ബിബിൻ, ബിനോയ് എന്നിവരെ കോയമ്പത്തൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.
ബിന്ദുമോന് ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇയാളുടെ വാരിയെല്ല് തകർന്നിട്ടുണ്ട്. ശരീരത്തിലാകെ ക്ഷതങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പരിശോധിക്കും. ആലപ്പുഴ നോർത്ത് സിഐ എംകെ രാജേഷിന്റെ നേതൃത്വത്തിൽ കലവൂർ മണ്ണഞ്ചേരി ഐടിസി കോളനിയിൽ നിന്നാണ് മുത്തുകുമാറിനെ പിടികൂടിയത്. സഹോദരിയെക്കൊണ്ട് വിളിപ്പിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പൊലീസിന് കൈമാറിയ പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു.