Kerala News

ജനങ്ങളോടുള്ള ആദരമെന്നത് തെരഞ്ഞെടുത്ത പ്രതിനിധിയെ പൊലീസുകാരൻ ആഞ്ഞാഞ്ഞ് സല്യൂട്ട് ചെയ്യുന്നുണ്ടോ എന്നതിലല്ല;വിമർശിച്ച് കെ കെ രമ

പൊലീസുകാർ തന്നെ സല്ല്യൂട്ട് ചെയ്യുന്നില്ലെന്നും അപമാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടി തൃശ്ശൂർ മേയർ എം കെ വർഗ്ഗീസ് ഡിജിപിക്ക് പരാതി നല്‍കിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി കെകെ രമ എംഎൽഎ.ജനങ്ങളോടുള്ള ആദരമെന്നത് അവർ തെരഞ്ഞെടുത്ത പ്രതിനിധിയെ കാണെക്കാണെ ഏതെങ്കിലും പൊലീസുകാരൻ സല്യൂട്ട് ചെയ്യുന്നുണ്ടോ എന്നതിലല്ലെന്നും രമ അഭിപ്രായപ്പെട്ടു.

കെകെ രമയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം

ജനപ്രതിനിധിക്ക് പോലീസിന്റെ സല്യൂട്ട് കിട്ടാത്തതിൻറെ പരാതിയും പരിഭവവുമെല്ലാം വാർത്തകളിൽ നിറയുമ്പോൾ നമ്മുടെ ജനാധിപത്യബോധ്യങ്ങളും ജനപ്രാതിനിധ്യബോധങ്ങളുമെല്ലാം ഇക്കാലം കൊണ്ട് നടന്നെത്തിയ ഇടങ്ങളുടെ പരിമിതികൾ കൂടിയാണ് ഖേദകരമാം വിധം പരസ്യമാവുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന് മുക്കാൽ നൂറ്റാണ്ട് പ്രായമായിട്ടുണ്ട്. ഫ്യൂഡലും കൊളോണിയലുമായ അധികാരബോധങ്ങളെയും അധികാരബന്ധങ്ങളേയും പുതുക്കാനും പുറന്തള്ളാനും കുടഞ്ഞെറിയാനുമുള്ള നവോത്ഥാന പരിശ്രമങ്ങളുടെ കൂടി പേരാണ് ജനാധിപത്യമെന്ന് നമ്മെ നയിക്കുന്നവരെങ്കിലും ഇനി എന്നാണ് തിരിച്ചറിയുക ?
ജനപ്രതിനിധികൾക്കുള്ള ആദരമെന്നത് അവരെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള ആദരം മാത്രമാണ്., അതിൽ ഒട്ടും കൂടുതലും കുറവുമല്ല. ജനങ്ങളോടുള്ള ആദരമെന്നത് അവർ തെരഞ്ഞെടുത്ത പ്രതിനിധിയെ കാണെക്കാണെ ഏതെങ്കിലും പൊലീസുകാരൻ ആഞ്ഞാഞ്ഞ് സല്യൂട്ട് ചെയ്യുന്നുണ്ടോ എന്നതിലല്ല, മറിച്ച് ജനങ്ങളുടെ ജീവൽപ്രശ്നങ്ങളുമായി അവരുടെ പ്രതിനിധികൾ ചെന്നുകയറുന്ന ബ്യൂറോക്രസി അടക്കമുള്ള സർവ്വ ജനാധിപത്യ ഇടങ്ങളിലും അവർക്ക് നൽകേണ്ട മാന്യവും ന്യായവുമായ പരിഗണന ലഭിക്കുന്നുണ്ടോ എന്നതാണ് . തീർച്ചയായും അത് ജനാധിപത്യം ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത അവകാശമാണ്. അതിനപ്പുറമുള്ള ആചാരോപചാരങ്ങളെക്കുറിച്ചുള്ള വ്യക്തിഗതമായ ഉത്കണ്ഠകളും പരിദേവനങ്ങളും നമ്മുടെ ജനപ്രാതിനിധ്യ പദവികളെ ചെറുതാക്കിക്കളയും.
മേലാളനെ കാണുമ്പോൾ തലയിൽകെട്ടഴിച്ച് കുനിഞ്ഞുനിൽക്കേണ്ടുന്ന അധികാരവ്യവസ്ഥയുടെ പേരാണ് ജനാധിപത്യമെന്ന തെറ്റിദ്ധാരണകൾക്ക് ഭരണനടപടികൾ വഴി തന്നെ തിരുത്തലുകളുണ്ടാവേണ്ടതുണ്ട്. സൂര്യനസ്തമിക്കാത്ത സല്യൂട്ടടികളിലൂടെ ജനപ്രാതിനിധ്യ ജീവിതം പുളകിതമാകണമെന്ന ആഗ്രഹങ്ങൾ നമ്മുടെ ജനാധിപത്യ അധികാരബോധങ്ങളിൽ കൊടിയിറങ്ങാതെ ഇപ്പോഴും അവശേഷിക്കുന്നുവെങ്കിൽ തീർച്ചയായും അവർക്ക് യാഥാർത്ഥ്യബോധത്തിലേക്ക് വെളിച്ചം ചൂണ്ടേണ്ടതും ജനാധിപത്യത്തിൻറെ തന്നെ ബാധ്യതയാവുന്നു. ജനങ്ങൾ അവരുടെ ബഹുവിധ ജീവിതസേവനങ്ങൾക്ക് ശമ്പളം നൽകി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഊർജ്ജം ഏതെങ്കിലും അധികാരികളെ സല്യൂട്ടടിച്ച് ദുർവ്യയം ചെയ്യേണ്ടതല്ലെന്ന് നമ്മുടെ ജനാധിപത്യം ഒറ്റക്കെട്ടായി തീരുമാനിക്കേണ്ടതുണ്ട്.
ഉദ്യോഗസ്ഥ ശ്രേണിയിലെ നാടുവാഴിത്ത , ബ്രിട്ടീഷ് രാജ് ശേഷിപ്പുകൾ തന്നെ ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. അതിന് മാതൃകയാവണം ജനപ്രതിനിധികളടക്കമുള്ള പൊതു പ്രവർത്തകർ. യാന്ത്രിക ഉപചാരങ്ങൾ അധികാരം കൊണ്ട് പിടിച്ചുവാങ്ങിയതിൻറെ പേരിലല്ല, ഫ്യൂഡൽ കൊളോണിയൽ അധികാരബോധങ്ങളെ പൊളിച്ചുകളഞ്ഞതിൻറെ പേരിൽ നമ്മുടെ പൊതുജീവിതങ്ങൾ ബഹുമാനിതമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. ജനാഭിലാഷങ്ങൾക്കൊപ്പം നിന്നതിനും ജനങ്ങൾക്കായി പൊരുതിയതിനും നമ്മുടെ പൊതുജീവിതങ്ങൾ ജനങ്ങളാൽ സ്വമേധയാ ആദരിക്കപ്പെടട്ടെ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!