എറണാകുളത്തെ അങ്കമാലി കിടങ്ങൂര്‍, അത്താണി പ്രദേശങ്ങളില്‍ നിന്നും തമിഴ്‌നാട് തീവ്രവാദ വിരുദ്ധ സേനയും ക്യു ബ്രാഞ്ച് സംഘവും ചേര്‍ന്ന് ശ്രീലങ്കന്‍ സ്വദേശികളെന്നു കരുതുന്ന മൂന്നു പേരെ അറസ്റ്റു ചെയ്തു. രാജ്യാന്തര ബന്ധമുള്ള ലഹരിമരുന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം. മൂന്നു പേരെയും നെടുമ്പാശേരിയിലെ എടിഎസ് കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്.
കിടങ്ങൂരില്‍ തമിഴ്‌നാട് സ്വദേശികള്‍ എന്ന പേരില്‍ വാടകയ്ക്കു താമസിച്ചിരുന്ന ശരവണന്‍, കുമാര്‍ എന്നിവരും മറ്റൊരാളുമാണ് അറസ്റ്റിലായത്. കിടങ്ങൂര്‍ ഓക്‌സിലിയം കോളജിന്റെ സമീപത്തുള്ള വാടക വീട്ടില്‍ നിന്നാണ് ഒരാളുടെ അറസ്റ്റ്. രണ്ടു പേരെ അത്താണിയില്‍ നിന്നും അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി മുതല്‍ ഇവിടെ പൊലീസ് സംഘം തമ്പടിച്ചിരുന്നു. കേരള പൊലീസിന്റെ പിന്തുണയോടെയായിരുന്നു അറസ്റ്റുകള്‍.
കിടങ്ങൂരില്‍ താമസിച്ചിരുന്നയാള്‍ കുടുംബമായാണ് താമസിച്ചിരുന്നത്. വിമാനത്താവളത്തില്‍ എക്‌സ്‌പോര്‍ട് ബിസിനസ് ചെയ്യുകയാണ് എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. ഇയാള്‍ ഇവിടെ താമസം തുടങ്ങിയിട്ട് ഒരു മാസം മാത്രമേ ആയിരുന്നുള്ളൂ. 25000 രൂപ വാടക നല്‍കിയായിരുന്നു താമസിച്ചിരുന്നത്. ഇന്നലെയും ഇവിടേയ്ക്കു വീട്ടുസാധനങ്ങള്‍ കൊണ്ടു വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ശ്രീലങ്കന്‍ സ്വദേശികളായ ഇവര്‍ തമിഴ്‌നാട്ടില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായിരുന്നു എന്നു പൊലീസ് പറയുന്നു. തമിഴ്‌നാട് സ്വദേശികള്‍ എന്ന പേരില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ തയാറാക്കിയാണ് ഇവിടെ താമസിച്ചിരുന്നത്.

