അടിമാലി: 95 വയസുള്ള സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം സ്വര്‍ണ്ണമാല കവര്‍ന്ന കൊച്ചുമകന്‍ അറസ്റ്റില്‍. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കല്‍ മേരിയുടെ ആഭരണമാണ് കവര്‍ന്നത്.
മേരിയുടെ മൂത്ത മകന്‍ മൈക്കിളിന്റെ മകന്‍ അഭിലാഷ് (ആന്റണി-44) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മച്ചിപ്ലാവിലെ വീട്ടില്‍ മേരിയുടെ മകന്‍ തമ്പി, ഭാര്യ ട്രീസ എന്നിവര്‍ക്കൊപ്പമാണ് വയോധിക താമസിച്ചിരുന്നത്. ഇവര്‍ പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്.
കട്ടിലില്‍ കിടക്കുകയായിരുന്ന മുത്തശ്ശിയുടെ മുഖത്ത് തലയിണ അമര്‍ത്തി പിടിച്ച ശേഷം കഴുത്തില്‍ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണമാല ബലമായി കവര്‍ന്നെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പള്ളിയില്‍ നിന്നും മക്കള്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയത്. ആദ്യഘട്ടത്തില്‍ പ്രതി സമ്മതിച്ചിരുന്നില്ല. പിന്നീട് ടൗണിലെ നിരീക്ഷണ കാമറയില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
അഭിലാഷ് മുന്‍പും സമാന കേസുകളില്‍ പ്രതിയായിരുന്നതായിട്ടുണ്ടെന്നും ഏതാനും ദിവസങ്ങള്‍ മുന്‍പാണ് പീരുമേട് ജയിലില്‍ നിന്നും മോചിതനായതെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച മാല കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നെടുംകണ്ടത്ത് വിറ്റതായി മൊഴി നല്‍കിയെങ്കിലും കണ്ടെത്താനായിട്ടില്ല. മുത്തശ്ശിക്ക് കഴുത്തിലും നെഞ്ചിലും നേരിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

